തിരുവനന്തപുരം: മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ‘കനൽവഴികളിലൂടെ’ എന്ന പുസ്തകത്തിൽ സ്ഫോടനാത്മകമായ വിവരമാണ് വി.എസ് മന്ത്രിസഭയിൽ പ്രമുഖനായിരുന്ന ദിവാകരൻ പുറത്തുവിട്ടിരിക്കുന്നത്. സോളാർ കേസിൽ ശിവരാജൻ കമീഷൻ കോഴ വാങ്ങിയാണ് ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ടെഴുതിയത്, സോളാർ വിഷയത്തിൽ സെക്രട്ടേറിയറ്റ് വളയൽ സമരം പൊടുന്നനെ പിൻവലിച്ചതിന് പിന്നിൽ ഒത്തുതീർപ്പായിരുന്നു, 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരുത്താൻ ഗൂഢാലോചന നടന്നെന്ന ചിന്ത വി.എസ്. അച്യുതാനന്ദനെ അലട്ടിയിരുന്നു എന്നിങ്ങനെയാണ് ദിവാകരന്റെ വെളിപ്പെടുത്തൽ.
സോളാർ കേസിൽ ജസ്റ്റിസ് ശിവരാജന് കമീഷന് നാലോ അഞ്ചോ കോടി രൂപ വാങ്ങി ‘കണ.. കുണാ..’ എന്നൊരു റിപ്പോർട്ട് എഴുതിയെന്ന് ദിവാകരൻ എഴുതുന്നു. ജസ്റ്റിസ് ശിവരാജൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പിണറായി സർക്കാർ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തത്. കേസിന് ആധാരമായ റിപ്പോർട്ട് പണം കൈപ്പറ്റി എഴുതിയതാണെന്ന് മുതിർന്ന സി.പി.ഐ നേതാവ് വെളിപ്പെടുത്തുമ്പോൾ, സോളാർ കേസിൽ ഇടതുമുന്നണി നിലപാടിന്റെ നൈതികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശിവരാജൻ കമീഷന് ആരാണ് അഞ്ച് കോടി നല്‍കിയതെന്ന് ദിവാകരന് വെളിപ്പെടുത്താത്തതിനാൽ മുന്നണിയിലെ പ്രമുഖരെല്ലാം സംശയനിഴലിലാണ്.
സോളാർ വിഷയത്തിൽ സെക്രട്ടേറിയറ്റ് വളയൽ സമരം പിൻവലിക്കാനുള്ള തീരുമാനം പെട്ടെന്നാണുണ്ടായത്. എന്തോ സംഭാഷണം എവിടെയോ നടന്നു. ധാരണയായെന്ന് പാർട്ടി തന്നോട് പറഞ്ഞു. പാർട്ടി തീരുമാനമായതിനാൽ അനുസരിച്ചു. അങ്ങനെ ആ സമരം ചീറ്റി. ജുഡീഷ്യൽ അന്വേഷണം എന്ന അപ്രധാന ആവശ്യം അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ പാടില്ലായിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരുത്താൻ ഗൂഢാലോചന നടന്നെന്ന ചിന്ത വി.എസ്. അച്യുതാനന്ദനെ അലട്ടിയിരുന്നെന്നും ദിവാകരൻ വെളിപ്പെടുത്തുന്നു. വി.എസ് മന്ത്രിസഭയിൽ അംഗമായിരുന്ന ദിവാകരൻ അദ്ദേഹവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന നേതാവാണ്. 500നും 1000ത്തിനും ഇടയിൽ വോട്ടിന് എൽ.ഡി.എഫിന് നാല് സീറ്റ് നഷ്ടമായതിലെ രാഷ്ട്രീയ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നു.
സി.പി.എമ്മിൽ നിലനിന്ന വി.എസ്-പിണറായി പോരിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. അതേസമയം, സി. ദിവാകരന്റെ ആത്മകഥയിൽ പരാമർശിക്കുന്ന എല്ലാ കാര്യങ്ങളും തനിക്ക് സ്വീകാര്യമാണോ എന്ന ചർച്ചക്ക് പ്രസക്തിയില്ലെന്ന് പ്രകാശനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ആത്മകഥയായതിനാൽ അതിലെ പരാമർശങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ദിവാകരന് മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.
തിരുവനന്തപുരം: ജസ്റ്റിസ് ജി. ശിവരാജന് കോടികള്‍ കൈക്കൂലി വാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കിയെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കോൺഗ്രസ്.രണ്ടു തവണ പിണറായി വിജയന് അധികാരം പിടിച്ചെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയാണ് സി.പി.ഐ നേതാവ് സി. ദിവാകരന് പുറത്തുവിട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. 10 കോടി രൂപ മുടക്കി വ്യാജ ആരോപണം ഉയര്‍ത്തിക്കൊണ്ടുവരുകയും അതന്വേഷിച്ച ജുഡീഷ്യല്‍ കമീഷനെ അഞ്ചു കോടി മുടക്കി അട്ടിമറിക്കുകയും ചെയ്യുകയുമായിരുന്നു. ഉമ്മന്‍ ചാണ്ടിയേയും സഹപ്രവര്‍ത്തകരേയും ആണിതറച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പിന്നാമ്പുറത്തുനടന്ന കാര്യങ്ങളാണ് സി. ദിവാകരന് ഇപ്പോള്‍ വെളിപ്പെടുത്തിയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ജനപ്രിയനായ നേതാവിനെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ ഒത്തുകളിച്ച ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് ആവശ്യപ്പെട്ടു. ദിവാകരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രി കെ.സി. ജോസഫും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.