സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ചെയർമാനായി സി.മുഹമ്മദ്​ ഫൈസിയെ വീണ്ടും തെരഞ്ഞെടുത്തു

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി. മുഹമ്മദ് ഫൈസിയെ വീണ്ടും തെരഞ്ഞെടുത്തു. മന്ത്രി വി.അബ്​ദുറഹ്​മാന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഹജ്ജ് കമ്മറ്റി യോഗമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. 2018 – 21 വര്‍ഷ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

കേരള മുസ്‌ലിം ജമാഅത്ത് വൈസ്​ പ്രസിഡന്‍റും മര്‍കസ് സെക്രട്ടറിയും സിറാജ് ദിനപത്രം പബ്ലിഷറുമാണ്​ സി. മുഹമ്മദ് ഫൈസി. മുസ്‌ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്രകൂടിയാലോചന സമിതി അംഗം, ഡല്‍ഹി ആസ്ഥാനമായുള്ള ഇസ്‌ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യൂക്കേഷന്‍ എന്നിവകളില്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു. കേരളാ വഖഫ് ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശിയാണ്.

പ്രമുഖ പണ്ഡിതനായിരുന്ന നെടിയനാട് സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ മകനായി 1955ഇല്‍ ജനനം. പിതാവില്‍ നിന്ന് പ്രാഥമിക പഠനം. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ് ട്രെയിനിംഗ് പഠനം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. മര്‍കസ് ശരീഅ കോളജില്‍ ദീര്‍ഘകാലമായി സീനിയര്‍ പ്രൊഫസറാണ്.

സംസ്ഥാന വഖഫ്​ ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ, പി.വി അബ്ദുല്‍ വഹാബ് എം.പി, പി ടി എ റഹീം എം എല്‍ എ, മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ, സഫര്‍ കായല്‍, പി ടി അക്ബര്‍, പി പി മുഹമ്മദ് റാഫി, ഉമര്‍ ഫൈസി മുക്കം, അഡ്വ. മൊയ്തീന്‍ കുട്ടി, കെ പി സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ എം മുഹമ്മദ് കാസിം കോയ, ഐ പി അബ്ദുല്‍ സലാം, ഡോ. പി എ സയ്യദ് മുഹമ്മദ് എന്നിവരാണ് നിലവിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍. മലപ്പുറം ജില്ലാ കലക്ടര്‍ എക്സ് ഒഫീഷ്യോ അംഗമാണ്.

Tags:    
News Summary - c Muhammed Faizi, Chairman of State Haj Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.