തിരുവനന്തപുരം: ഷൂട്ടിങ് താരമായ സിദ്ധാർഥ് ബാബുവിന് കായിക ഉപകരണങ്ങൾ വാങ്ങാനും അന്താരാഷ്ട്ര പരിശീലനത്തിനുമായി 8.94 ലക്ഷം രൂപ കായിക വികസന നിധിയിൽ നിന്നും അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
എറണാകുളം സര്‍ക്കാര്‍ ലോ കോളജില്‍ വനിതാ ഹോസ്റ്റലില്‍ ഒരു മേട്രന്‍ തസ്തിക സൃഷ്ടിക്കും. കൊല്ലം ടി.കെ.എം. കോളജില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ ഒരു അധ്യാപക തസ്തിക സൃഷ്ടിക്കും. വയനാട് ജില്ലാ ഗവൺമെന്‍റ് പ്ലീഡറായി ജോസഫ് മാത്യു (കല്‍പ്പറ്റ)നെ നിയമിക്കാനും യോഗം തീരുമാനിച്ചു.
നെടുമങ്ങാട് പച്ച, പാലോട്, കടുവാപ്പാറ, തടത്തരികത്തു വീട്ടില്‍ ജോയി മരിച്ചതിനെ തുടർന്ന് ജോയിയുടെ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന മൂന്നു കട്ടികളുടെയും പേരില്‍ 2 ലക്ഷം രൂപാവീതം ഫിക്‌സഡ് ഡിപ്പോസിറ്റിടും.
കുട്ടികളുടെ വിദ്യാഭ്യാസ ചിലവിന് ഇതിന്റെ പലിശ ഉപയോഗിക്കാം. കുട്ടികളെ സാമൂഹ്യനീതി വകുപ്പിന്റെ 'സ്‌നേഹപൂര്‍വ്വം' പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജോയിയുടെ അമ്മക്ക് പെന്‍ഷനും നല്‍കും.
1977ല്‍ കല്ലട ജലസേചന പദ്ധതിയിലെ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട ബി. കല്യാണിക്കുട്ടിഅമ്മക്ക് മൈലം വില്ലേജില്‍ 9 സെന്റ് ഭൂമി സർക്കാർ അനുവദിക്കും.
ഹോമിയോ വകുപ്പിനു കീഴില്‍ വന്ധ്യതാനിവാരണ കേന്ദ്രം സ്ഥാപിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ 3.14 ആർ ഭൂമി വിട്ടുകൊടുക്കും.
വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ), തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) എന്നിവ പുനര്‍രൂപീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ഇതര വികസന അതോറിറ്റികളും ഇനി തുടരേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.