കെ.ബി.പി.എസിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്ക്കരണം അനുവദിച്ചു

തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിള്‍സ് അംഗം പാലക്കാട്, പരുത്തിപ്പുളളി, കളത്തില്‍ വീട്ടില്‍ ശ്രീജിത്ത്. എം.ജെയുടെ അമ്മയ്ക്ക് പത്തുലക്ഷം രൂപയും സഹോദരി ശ്രീജയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇന്‍ഡ്യന്‍ ആര്‍മിയില്‍ ഹവീല്‍ദാറായി ജോലി ചെയ്തുവരവെ നാട്ടില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ആലത്തൂര്‍, പരുത്തിപ്പുളളി, കരിങ്കരപ്പുളളി വീട്ടില്‍ ജീഷ്. കെ.ആര്‍-ന്‍റെ ഭാര്യ പ്രസീതക്ക് മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിച്ചു.

പ്രഥമ മന്ത്രിസഭാ രൂപീകരണത്തിന്‍റെ 60-ാം വാര്‍ഷികാഘോഷം ഏപ്രില്‍ 5 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടത്തും. പരിപാടിയുടെ നടത്തിപ്പ് ചുമതല വിവര പൊതുജനസമ്പര്‍ക്ക വകുപ്പിനായിരിക്കും. വിവിധ വിഷയങ്ങളെ അസ്പദമാക്കി സെമിനാറുകള്‍, സാംസ്കാരിക- കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.

സര്‍വ്വീസിലിരിക്കെ അംഗവൈകല്യം സംഭവിച്ച തിരുവനന്തപുരം വികസന അതോറിറ്റിയിലെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ മാമന്‍ ജോസഫിന് ട്രിഡയില്‍ ഒരു അസിസ്റ്റന്‍റ് എഞ്ചിനീയറുടെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും.

കാഴ്ചശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ട പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തിലെ ക്ലാര്‍ക്ക് പി. മുത്തുസ്വാമിക്ക് പ്രത്യേക കേസായി പരിഗണിച്ച് എല്‍.ഡി. ക്ലാര്‍ക്കിന്‍റെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് അതില്‍ തുടരാനും നിലവിലെ തസ്തികയില്‍ മറ്റൊരു നിയമനം നടത്താനും തീരുമാനിച്ചു.

കെ.ബി.പി.എസിലെ ജീവനക്കാര്‍ക്ക് ധനകാര്യ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്കു വിധേയമായി ശമ്പള പരിഷ്ക്കരണം അനുവദിച്ചു.
വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ എട്ടു സ്ഥിരം ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പിന്‍റെ വ്യവസ്ഥകള്‍ക്കു വിധേയമായി ശമ്പള പരിഷ്ക്കരണം അനുവദിച്ചു.

എന്‍.എം.ഡി.എഫ്.സി., എന്‍.ബി.സി.എഫ്.ഡി.സി എന്നീ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനു വായ്പ ലഭിക്കുന്നതിനായി 60 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ തീരുമാനിച്ചു.

സ്മിതാ ജാക്സന്‍, കെ.എസ്. അനില്‍കുമാര്‍ എന്നിവരെ യഥാക്രമം തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ വ്യാവസായിക ട്രിബ്യൂണല്‍മാരായി നിയമിച്ചു.

2015 ലെ കേരള റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) ആക്ട് റദ്ദു ചെയ്യുന്നതിനായി നിയമ വകുപ്പു തയ്യാറാക്കിയ കരട് ബില്‍ അംഗീകരിച്ചു. 2016 മെയ് ഒന്നിനു കേന്ദ്ര ആക്ട് നിലവില്‍ വന്നതിനെത്തുടര്‍ന്നാണിത്.

കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി'യുടെ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുതാര്യവുമായി നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് പൊതുനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ലഹരിവിരുദ്ധ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുന്നതിനുളള 'വിമുക്തി സ്റ്റിക്കര്‍' പതിക്കുന്ന പ്രവര്‍ത്തനം കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ മുഖേന നിര്‍വ്വഹിക്കും. ഇതിന്‍റെ മേല്‍നോട്ടം വഹിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പു മുഖേന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു. കോര്‍പ്പറേഷന്‍/  ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ ഗ്രാമപഞ്ചായത്ത് തലത്തില്‍ 'വിമുക്തി' മിഷന്‍റെ ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും തുടര്‍ന്ന് വാര്‍ഡ്, അയല്‍ക്കൂട്ടതല കമ്മിറ്റികള്‍ രൂപീകരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടക്കുന്നതിനുളള നിര്‍ദ്ദേശവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും.

സ്കൂള്‍, കോളജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഏറ്റെടുക്കുന്നതിനുമുളള പൊതുനിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പു മുഖേന നല്‍കുന്നതാണ്. ലൈബ്രറി കൗണ്‍സില്‍ മുഖേന 'വിമുക്തി' മിഷന്‍റെ ലഹരി വിരുദ്ധ/ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുളള പൊതുനിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പു മുഖേന നല്‍കും.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ലഹരിവിമുക്ത കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുളള നിര്‍ദ്ദേശം പൊതുഭരണ വകുപ്പുമുഖേന നല്‍കാനും തീരുമാനിച്ചു.

Tags:    
News Summary - cabinet briefing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.