കോഴിക്കോട് : ഗുണഭോക്താക്കളുടെമേൽ മത്സ്യഫെഡ് 3.61 കോടിയുടെ അധിക പലിശ ഭാരം ചുമത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. വായ്പാ സഹായത്തിനായുള്ള ദേശീയ പിന്നാക്ക കോർപറേഷന്റെ (എൻ.ബി.സി.എഫ്.ഡി.സി) പദ്ധതി മാർഗ നിർദേശങ്ങൾ ലംഘിച്ചാണ് അധിക പലിശ അടിച്ചേൽപ്പിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി.
മാർഗ നിർശങ്ങൾ പ്രകാരം മൈക്രോ ഫിനാൻസ് പദ്ധതിയുടെ വായ്‌പാ സഹായം രണ്ട് ശതമാനം പലിശക്കാണ് സംസ്ഥാന ചാനലിങ് ഏജൻസികൾക്ക് (എസ്.സി.എ) നൽകുന്നത്. ഗുണഭോക്താക്കളിൽ നിന്ന് പരമാവധി അഞ്ച് ശതമാനം പലിശ ഈടാക്കാം. അതുപോലെ, മഹിളാ സമൃദ്ധി യോജനയുടെ കീഴിലുള്ള വായ്‌പാ സഹായം ഒരു ശതമാനം പലിശക്കാണ് എസ്.സി.എക്ക് നൽകുന്നത്. എസ്.സി.എക്ക് പരമാവധി നാല് ശതമാനം പലിശ ഈടാക്കാമെന്നാണ് വ്യവസ്ഥ.
സംസ്ഥാനത്തെ എസ്.സി.എ ആയ മത്സ്യഫെഡ് ( കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെൻ്റ് ലിമിറ്റഡ് ), മൈക്രോ ഫിനാൻസ് പദ്ധതിയുടെയും മഹിളാ സമൃദ്ധി യോജനയുടെയും കീഴിലുള്ള ഗുണഭോക്താക്കൾക്ക് ആറ് ശതമാനം നിരക്കിലാണ് വായ്‌പ വിതരണം ചെയ്തത്. അതുവഴി ഗുണഭോക്താക്കൾക്ക് യഥാക്രമം ഒരു ശതമാനവും രണ്ട് ശതമാനവും അധിക പലിശ ചുമത്തി. പദ്ധതി മാർഗനിർദ്ദേശങ്ങൾ അട്ടിമറിച്ച് 2013-14 മുതൽ 2020-21 വരെ ഗുണഭോക്താക്കൾക്ക് മേൽ 3.61 കോടിയുടെ അധിക പലിശഭാരമാണ് ചുമത്തിയത്.
നിശ്ചിത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് മത്സ്യഫെഡ്, എൻ.ബി.സി.എഫ്.ഡി.സിയുടെ അംഗീകാരം വാങ്ങിയില്ല. മത്സ്യഫെഡ് സമർപ്പിക്കേണ്ട റിപ്പോർട്ടുകളിൽ ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന പലിശയുടെ വിശദാംശങ്ങൾ ആവശ്യമില്ലാത്തതിനാൽ മത്സ്യഫെഡ് അറിയിക്കുകയും ചെയ്തില്ല. ഉയർന്ന പലിശ നിരക്ക് ചുമത്തിയപ്പോൾ മത്സ്യഫെഡ് സർക്കാരിന്റെ അനുമതിയും വാങ്ങിയില്ല.
പലിശയിനത്തിൽ അധികമായി പിരിച്ചെടുത്ത തുക എത്രയും പെട്ടെന്ന് ഗുണഭോക്താക്കൾക്ക് തിരിച്ചുകൊടുക്കാനും ഉത്തരവാദിത്വം നിശ്ചയിച്ച് വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാനും മത്സ്യഫെഡ് എം.ഡിക്ക് നിർദ്ദേശം നൽകി.
സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മേൽനോട്ടത്തിന്റെ അഭാവം ദുർബല വിഭാഗത്തിനുമേൽ അധിക പലിശഭാരം ചുമത്തുന്നതിന് കാരണമായെന്ന മറുപടി ന്യായികരിക്കാവുന്നതല്ല. പിരിച്ചെടുത്ത അധികതുക എത്രയും പെട്ടെന്ന് തിരിച്ചുകൊടുക്കണമെന്ന് സർക്കാർ മത്സ്യഫെഡിനോട് നിർദേശിച്ചെങ്കിലും കുറഞ്ഞത് 51 സഹകരണസംഘങ്ങളെങ്കിലും (ബന്ധപ്പെട്ട സ്വയം സഹായ സംഘങ്ങളും) പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഇത് നടപ്പിലാക്കാൻ കഴിയില്ല. വായ്‌പ നൽകുന്ന ഏജൻസികൾ നിർദേശിക്കുന്നതിനെക്കാൾ കൂടുതൽ പലിശ നിരക്ക് മൽത്സ്യഫെഡ് ഈടാക്കുന്നില്ലെന്ന് സർക്കാർ ഉറപ്പ വരുത്തണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.