കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിൽ മാപ്പിളപ്പാട്ട് വിജയികൾക്ക് ഇത്തവണയും മീഡിയവൺ ചാനലിലെ ‘പതിനാലാം രാവി’െൻറ മൊഞ്ച്. വ്യക്തിഗത ഇനങ്ങളിൽ ആൺകുട്ടികളുടെ ഇനത്തിൽ ഒന്നാംസ്ഥാനം പങ്കിട്ടതും പെൺകുട്ടികളുടെ ഇനത്തിൽ ഒന്നാംസ്ഥാനം പങ്കിട്ടതും പതിനാലാം രാവ് ഇശൽതാരങ്ങളാണ്.
ഇതിൽ മൂന്നുപേർ മലപ്പുറം മമ്പാട് എം.ഇ.എസ് കോളജിൽ നിന്നുള്ളവരാണെന്നത് കോളജിനും അഭിമാനനേട്ടമായി. സീസൺ നാലിലെ വിജയിയായ മമ്പാട് എം.ഇ.എസിലെ ബി.കോം രണ്ടാംവർഷ വിദ്യാർഥി അജ്മലും സീസൺ മൂന്നിലെ ഫൈനലിസ്റ്റും ഇതേ കോളജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥിയുമായ മുർഷിദുമാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയം പങ്കിട്ടത്. ഇതേ കോളജിലെ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർഥിനിയും പതിനാലാം രാവ് സീസൺ രണ്ട് വിജയിയുമായ സുൽഫയും സീസൺ മൂന്ന് സെമിഫൈനലിസ്റ്റും ഫാറൂഖ് കോളജ് പി.ജി അവസാനവർഷ ഇംഗ്ലീഷ് വിദ്യാർഥിനിയുമായ അനുനന്ദയുമാണ് പെൺവിഭാഗത്തിൽ ഒന്നാമതെത്തിയത്.
സി സോണിൽ മൂന്നാമതെത്തിയ അജ്മൽ അപ്പീലിലൂടെയാണ് വന്നത്. മമ്പാട് കോളജിലെ ഇശൽതാരങ്ങളെ പഠിപ്പിച്ചതിെൻറ ക്രെഡിറ്റ് ഇവിടത്തെ പൂർവവിദ്യാർഥിയും ഗായകനുമായ സാദിഖ് പന്തല്ലൂരിനാണ്.
ബദറുദ്ദീൻ പാറന്നൂർ രചിച്ച മക്കം ഫതഹ് ചരിത്രത്തിലെ ‘ഉതിമതി അതി’എന്നുതുടങ്ങുന്ന പാട്ടാണ് അജ്മലിനെയും സുൽഫയെയും ഒന്നാമതെത്തിച്ചത്. ഇന്ത്യൻസേനക്ക് ആദരമർപ്പിച്ച് ഒ.എം. കരുവാരക്കുണ്ട് എഴുതിയ ‘ഹിന്ദെടും താനെ’ എന്ന പാട്ടാണ് മുർഷിദിനെ വിജയത്തിലെത്തിച്ചത്.
താനൂർ മൊയ്തീൻകുട്ടി മൊല്ലയുടെ ‘നടന്തിട്ടവൻ പോകും’എന്നുതുടങ്ങുന്ന വരികൾ പാടി അനുനന്ദയും മുന്നിലെത്തി. ബാപ്പു കൂട്ടിലാണ് അനുനന്ദയെ പാട്ടുപഠിപ്പിച്ചത്.
കഴിഞ്ഞവർഷത്തെ ഇൻറർസോൺ കലാതിലകമാണ് അനുനന്ദ. ‘പൂമരം’ എന്ന സിനിമയിലഭിനയിച്ചുകൊണ്ടിരിക്കുന്ന ഈ മിടുക്കി മറ്റൊരു സിനിമയിൽ പാടിയിട്ടുമുണ്ട്. വെള്ളിയാഴ്ച കഥാപ്രസംഗം, മോണോആക്ട്, മലയാളപദ്യം എന്നിവയിൽ പങ്കെടുക്കും. മാപ്പിളപ്പാട്ട് ഗ്രൂപ്പിനത്തിൽ രണ്ടാം സ്ഥാനം കൂടി കിട്ടിയപ്പോൾ എം.ഇ.എസ് മമ്പാടിെൻറ നേട്ടത്തിെൻറ മാധുര്യം വർധിച്ചു. പാലക്കാട് എം.ഇ.എസ് കല്ലടി കോളജ് മണ്ണാർക്കാടിനാണ് ഒന്നാംസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.