കൊച്ചി: മലയാളിയുടെ സ്വീകരണമുറികളിൽ സിദ്ദീഖ്-ലാൽ എന്ന പേര് ഇനിയും പൊട്ടിച്ചിരികളുയർത്തും. അവരുടെ സിനിമകളിലെ രംഗങ്ങൾ സ്ക്രീനിൽ തെളിയുമ്പോൾ, ചെറുപുഞ്ചിരിയുമായി കടന്നുവന്ന് പൊട്ടിച്ചിരി സമ്മാനിച്ച സിദ്ധീഖ്, ഓർമകളിൽ നിറയും. വിടപറഞ്ഞാലും ആ അതുല്യ കലാകാരന്‍റെ തൂലികയിൽ പിറന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും വെള്ളിത്തിരയിൽ ചിരിയോർമയാണ്.
പ്രേക്ഷകരെ പൊട്ടിച്ചിരിയുടെ ഉത്സവാന്തരീക്ഷത്തിലെത്തിച്ച സിനിമകളാണ് സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്നത്. തിയറ്ററുകളെ പൂരപ്പറമ്പുകളാക്കിയ ആ സിനിമകളിലെ ഓരോ ഡയലോഗും മലയാളി സിനിമ ആസ്വാദകർക്ക് കാണാപ്പാഠമാണ്. ഇന്നും നാലാൾ കൂടുന്നിടത്തൊക്കെ അവരുടെ ഹിറ്റ് സിനിമകളിലെ സംഭാഷണങ്ങൾ ഇടംപിടിക്കാറുണ്ട്. ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്ന ഇൻ ഹരിഹർ നഗറിലെ ‘തോമസുകുട്ടി വിട്ടോടാ’ എന്നത് എക്കാലവും സിനിമ പ്രേക്ഷകർ ഏറ്റുപറഞ്ഞതാണ്.
വിയറ്റ്നാം കോളനിയിലെ ‘ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്’, മാന്നാർ മത്തായി സ്പീക്കിങിലെ ‘പുറപ്പെട്ടു പുറപ്പെട്ടു, വേണമെങ്കിൽ ഇനിയും അരമണിക്കൂർ മുമ്പെ പുറപ്പെടാം’, ഗോഡ്ഫാദറിലെ ‘തളിയാനേ പനിനീര്’, കാബൂളിവാലയിലെ ‘കൈനീട്ടം വൈകിട്ടായാൽ കുഴപ്പമുണ്ടോ’ തുടങ്ങിയ ഡയലോഗുകൾ അറിയാതെ മലയാളിയുടെ നാവിൻതുമ്പിൽ ഇപ്പോഴുമെത്താറുണ്ട്. പുതുതലമുറയും ഈ ഡയലോഗുകളെ ഏറ്റെടുക്കുമ്പോൾ, പതിറ്റാണ്ടുകൾ പിന്നിട്ടാലും ആവർത്തന വിരസത അനുഭവപ്പെടാത്ത തമാശകളാണ് സിദ്ദീഖ് സംവിധാനം ചെയ്ത സിനിമകളിൽ നിറഞ്ഞുനിന്നതെന്ന് വ്യക്തമാകുന്നു.
തമാശക്ക് വേണ്ടി സന്ദർഭങ്ങളൊരുക്കുന്ന രീതി സിനിമകളിൽ പിന്തുടരാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഏറ്റവും ഉചിതമായ സന്ദർഭങ്ങളിൽ ഏതുതരം പ്രേക്ഷകനെയും ചിരിപ്പിക്കുന്ന ഹാസ്യമാണ് അവർ ഒരുക്കിയത്. മിമിക്രിയിലൂടെയും കോമഡി വേദികളിലൂടെയുമാണ് സിദ്ദീഖ് സിനിമ സംവിധാന മേഖലയിലേക്ക് കടന്നെത്തിയത്. വേദികളിലേക്ക് ആവശ്യമായ ഹാസ്യ എഴുത്തിൽനിന്ന് ലഭിച്ച അനുഭവങ്ങൾ തന്നെയായിരുന്നു അവരുടെ സിനിമകളിലെ മികവുറ്റ തമാശകൾക്ക് അടിത്തറ പാകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.