വെളിയങ്കോട്: വെളിയങ്കോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്തിയ 10 കിലോ കഞ്ചാവുമായി ആറുപേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്.പിക്ക് കീഴിലെ സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ ബാഗിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.
അയിരൂർ മാരാത്ത് പവിത്ത് (26), കൈതക്കാട്ടയിൽ സാലി (26), തോണിക്കടവിൽ ഷെഫീഖ് (34), കുണ്ടുച്ചിറ പടിക്കവളപ്പിൽ സുമേഷ് (37), അടിയാട്ടയിൽ ഷെബിർ (28), സലീം തോണിക്കടവിൽ (31) എന്നിവരാണ് അറസ്റ്റിലായത്. വിശാഖപട്ടണത്തുനിന്ന് കോയമ്പത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് അന്വേഷണ സംഘം പിടികൂടിയത്. പിടിയിലായവരെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
ലഹരി കേസുകളിൽ വൻ വർധന
പൊന്നാനി: കഞ്ചാവും ന്യൂജെന്‍ ലഹരിവസ്തുക്കളും വിൽപനക്കെത്തിക്കുന്നവരുടെ ഹബ്ബായി പൊന്നാനി താലൂക്കിന്റെ വിവിധയിടങ്ങൾ മാറുന്നതായി പരാതി. പൊന്നാനി, എടപ്പാൾ, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലകളിൽ ലഹരി വിൽപന വ്യാപകമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ വൻതോതിലാണ് എൻ.ടി.പി.എസ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
2020ൽ എട്ട് കേസുകൾ മാത്രമുണ്ടായിരുന്നിടത്ത് 2021ൽ 26 കേസുകളും 2022ൽ 113 കേസുകളും 2023ൽ 145 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 39 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ പൊന്നാനി സർക്കിൾ എക്സൈസ് ഓഫിസിലും കുറ്റിപ്പാല എക്സൈസ് ഓഫിസിലും വലിയ തോതിലുള്ള മയക്കുമരുന്ന് വേട്ടകളാണ് കഴിഞ്ഞ വർഷം നടന്നത്.
എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്പനയും നാട്ടിൻപുറങ്ങളിൽ സജീവമാണ്. പൊന്നാനി ഭാഗങ്ങളിലെ മയക്കുമരുന്ന് വിൽപനക്കണ്ണികളെ പിടികൂടാന്‍ പൊലീസ് ശക്തമായ നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളിലെ യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വിൽപന ഏറെ ആശങ്കയുണര്‍ത്തുന്നതാണ്.
സമാന സംഭവങ്ങള്‍ മുമ്പും പൊന്നാനിയിലും പരിസരങ്ങളിലും ഉണ്ടായിട്ടുണ്ട്. സ്കൂള്‍, കോളജ് വിദ്യാർഥികള്‍ക്ക് വിൽപന നടത്താന്‍ കൊണ്ടുവന്നതാണ് ഇവയെല്ലാം എന്നതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. പിടിയിലായവർക്ക് പുറമെ വന്‍ റാക്കറ്റ് തന്നെ ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെക്കുറിച്ച വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.