​സിദ്ദീഖിനെതിരായ പരാതിക്കാരി അധികപ്രസംഗിയെന്ന് പ്രതിഭാഗം; ഇരയുടെ സ്വഭാവം നോക്കിയല്ല ജാമ്യം പരിഗണിക്കുന്നതെന്ന് ഹൈകോടതി

കൊച്ചി: ഇരയുടെ സ്വഭാവം എന്തെന്ന മുന്‍വിധിയോടെയല്ല കോടതി പ്രതിയുടെ ജാമ്യാപേക്ഷ പരിശോധിക്കുന്നതെന്ന് ഹൈകോടതി. യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ നിരീക്ഷണം.

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയുടെ പ്രതികരണം അവരുടെ സ്വഭാവത്തിന്‍റെ പ്രതിഫലനമല്ല, അവർ നേരിട്ട ദുരിതത്തിന്‍റെ സൂചനയാണ്. അനാവശ്യമായ ആരോപണം ഉന്നയിക്കുന്നയാളായി പരാതിക്കാരിയെ ചിത്രീകരിക്കുന്നത് നിയമത്തിന് മുന്നിൽ സ്ത്രീയെ നിശ്ശബ്ദമാക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ്. ഇരയുടെ അവസ്ഥയോട് കാരുണ്യമില്ലാത്ത പ്രതികരണമാണിത്. ബലാത്സംഗത്തിനിരയായതിന്‍റെ മാനസികാഘാതം പരാതിക്കാരിയെ ബാധിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്.

2016ൽ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദീഖിനെതിരെ കേസെടുത്തത്. ലൈംഗികബന്ധം നടന്നതായി പരാതിയിൽ പറയുന്നില്ലെന്നും അതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നതുമടക്കം വാദങ്ങളാണ് സിദ്ദീഖിനുവേണ്ടി അഭിഭാഷകൻ ഉയർത്തിയത്.

സംഭവം നടന്നെന്ന് പറയുന്ന ദിവസത്തിനുശേഷം എട്ടുവർഷം കഴിഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്. അധികപ്രസംഗിയായ സ്ത്രീയാണ് പരാതിക്കാരിയെന്നും വാദമുയർത്തി. ഫേസ്ബുക്കിലൂടെ 14 പേർക്കെതിരെ ഇവർ ആരോപണമുന്നയിച്ചിട്ടുണ്ട്. വ്യാജപരാതി നൽകാൻ ഒരു മടിയുമില്ലാത്തയാളാണ് പരാതിക്കാരിയെന്ന് സമൂഹമാധ്യമങ്ങളിലെ അവരുടെ പോസ്റ്റുകളിൽനിന്ന് വ്യക്തമാണെന്നും ഹരജിക്കാരൻ ആരോപിച്ചു.

എന്നാൽ, പരാതിയിലെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യ ബലാത്സംഗക്കുറ്റം ചുമത്താൻ മതിയായതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകൾ പരിശോധിച്ചതിൽനിന്ന് ഇത് വ്യക്തമാണ്. ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ ബലാത്സംഗത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനമടക്കം വ്യക്തമാക്കിയും സുപ്രീംകോടതി വിധികളടക്കം ഉദ്ധരിച്ചുമാണ് കോടതി ഹരജിക്കാരന്‍റെ വാദം തള്ളിയത്.

2019ൽ പീഡനം സംബന്ധിച്ച് ഫേസ്ബുക്ക് വഴി വെളിപ്പെടുത്തിയെങ്കിലും ഭീഷണിയെത്തുടർന്ന് പിൻവലിക്കേണ്ടിവന്നു. പരാതിയും നൽകാനായില്ല. തുടർച്ചയായി ഭയത്തിൽ കഴിയേണ്ട അവസ്ഥയായിരുന്നു പരാതിക്കാരിക്കെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ബലാത്സംഗത്തിനിരയായവരുടെ മാനസികവും വൈകാരികവും സാമൂഹികവുമായ ആഘാതം പരാതി വൈകാനിടയാക്കുന്ന ഘടകങ്ങളാണ്. അതിനാൽ, പരാതി വൈകിയെന്ന വാദത്തിൽ കഴമ്പില്ല. ഹരജിക്കാരന്‍ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ, മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടോ എന്നീ കാര്യങ്ങൾ മാത്രം ജാമ്യഹരജി പരിഗണിക്കുമ്പോൾ പരിശോധിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

സിദ്ദീഖിനെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കും

യുവനടിയുടെ പീഡന പരാതിയിൽ, അമ്മ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. സിദ്ദീഖിന്‍റെ മുൻകൂർജാമ്യ ഹരജി തള്ളിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ നിരീക്ഷണം.

ആരോപണങ്ങൾ ആഴമേറിയതും ഗൗരവമുള്ളതുമാണെന്നും കോടതി വിലയിരുത്തി. ശരിയായ അന്വേഷണത്തിന് ഹരജിക്കാരനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണം. ഹരജിക്കാരന്റെ ലൈംഗികശേഷിയും പരിശോധിക്കണം. പ്രതി സ്വാധീന ശക്തിയുള്ളയാളായതിനാൽ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി പരിഗണിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അഞ്ചുവർഷം നടപടി സ്വീകരിക്കാതിരുന്നത് ദുരൂഹമാണെന്നും ഹൈകോടതിയുടെ ഇടപെടലാണ് റിപ്പോർട്ട് പുറത്തുവരാനും പരാതിക്കാർക്ക് ധൈര്യത്തോടെ മുന്നോട്ട് വരാനും ഇടയാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - case against actor Sidhique: Blaming a strategy to silence women -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.