തൊടുപുഴ: വിവാദമായ വൺ, ടൂ, ത്രീ പ്രസംഗത്തിെൻറ പേരിൽ മന്ത്രി എം.എം. മണിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതി തള്ളി. തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മണി നൽകിയ വിടുതൽ ഹരജി തൊടുപുഴ ഒന്നാം നമ്പർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലായിരുന്നു വിവാദ പ്രസംഗം. എതിരാളികളെ പട്ടികതയാറാക്കി കൊന്നിട്ടുണ്ടെന്നും ഒന്നിനെ വെട്ടിയും ഒന്നിനെ ചവിട്ടിയും ഒന്നിനെ വെടിവെച്ചും കൊന്നെന്നും പറഞ്ഞ മണി, പൊലീസിനെതിരെ ഭീഷണി മുഴക്കിയെന്നുമാണ് കേസ്.
അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെയാണ് മണി പ്രസംഗത്തിൽ പരാമർശിച്ചത്. ഇൗ കേസുകൾ പുനരന്വേഷിക്കാൻ തീരുമാനിച്ചിരുന്നു. പൊലീസിനെതിരെ ഭീഷണി മുഴക്കിയതിന് മണിയെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇൗ കേസാണ് തള്ളിയത്.
പ്രസംഗത്തിെൻറപേരിൽ ഇന്ത്യൻ ശിക്ഷനിയമത്തിലെ 302, 109, 118 വകുപ്പുകളാണ് മണിക്കെതിരെ ചുമത്തിയത്. എന്നാൽ, തുടരന്വേഷണത്തിൽ ഈ മൂന്നുവകുപ്പുകളും മാറ്റി ശിക്ഷനിയമത്തിലെ 505/1 (എ), 117 ഇ, കേരള പൊലീസ് ആക്ട് എന്നിവ ഉൾപ്പെടുത്തി. 505/1 (എ) വകുപ്പ് പ്രകാരം കേസ് എടുക്കുമ്പോൾ സർക്കാറിെൻറ അനുമതി വാങ്ങണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. പൊലീസ് ഇത് പാലിച്ചില്ല. പൊലീസിന് ഭീഷണി ഉണ്ടായതായി പരാതി ലഭിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തണമെന്ന് പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
അഞ്ചേരി ബേബി വധക്കേസിെൻറ വിചാരണ തൊടുപുഴ കോടതിയിൽ നടക്കുകയാണ്. ഇതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മണി നൽകിയ വിടുതൽ ഹരജി ഹൈകോടതി തള്ളിയിരുന്നു. മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ വധക്കേസുകൾ അന്വേഷണ ഘട്ടത്തിലാണ്. നിയമസഭ നടക്കുന്നതിനാൽ മണി കോടതിയിൽ ഹാജരായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.