കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം മുന്നോട്ടുപോകുന്നത് 13 പേരെ കേന്ദ്രീകരിച്ച്. വ്യാഴാഴ്ച അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനൊപ്പം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് കൂടുതൽ പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി എൻ.ഐ.എ സൂചന നൽകിയത്. സംഘടനക്കെതിരെ അതിഗുരുതര ആരോപണവും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ദുർബലരായ യുവാക്കളെ ലശ്കറെ ത്വയ്യിബ, ഐ.എസ്, അൽഖാഇദ തുടങ്ങിയ ഭീകരസംഘടനകളിൽ ചേരാൻ പ്രോത്സാഹിപ്പിച്ചെന്നും ഭീകരപ്രവർത്തനത്തിലൂടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം. വ്യാഴാഴ്ച അറസ്റ്റിലായ 11 പേരെക്കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ സത്താർ, സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് എന്നിവർക്കെതിരെയാണ് എൻ.ഐ.എ അന്വേഷണം. കോടതിയിൽ നൽകിയ എഫ്.ഐ.ആറിൽ 13 പേരെ കൂടാതെ സംഘടനയെയാണ് ഒന്നാംപ്രതിയായി ചേർത്തിരിക്കുന്നത്. കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്ന് എൻ.ഐ.എ അധികൃതരും വ്യക്തമാക്കി.
ഗൂഢാലോചന, മതവിദ്വേഷമുണ്ടാക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിന് പ്രേരിപ്പിക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തുക, തീവ്രവാദ പ്രവർത്തനത്തിന് ആളുകളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുക, ഭീകരപ്രവർത്തനത്തിന് പിന്തുണ നൽകുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. കുറ്റകൃത്യം നടത്തുന്നതിനുള്ള രഹസ്യ ആശയവിനിമയത്തിന് ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തിയെന്നും ഇവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കണമെന്നും എൻ.ഐ.എ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറയുന്നു. കസ്റ്റഡി അപേക്ഷ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ശനിയാഴ്ച പരിഗണിക്കും. ജാമ്യത്തിൽ വിട്ടാൽ ഒളിവിൽ പോകുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും എൻ.ഐ.എ പറയുന്നു.
കഴിഞ്ഞദിവസം അറസ്റ്റിലായ നജുമുദ്ദീൻ, സൈനുദ്ദീൻ ടി.എസ്, യഹിയ കോയ തങ്ങൾ, കുഞ്ഞാപ്പു എന്ന കെ. മുഹമ്മദലി, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ, കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, പി. അൻസാരി, എം.എം. മുജീബ് എന്നിവരെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.