പത്തനംതിട്ട: എസ്.എഫ്.ഐ വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന് ആറന്മുള പൊലീസിൽ പരാതി നൽകിയ കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജ് വിദ്യാർഥിനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി രണ്ട് കേസെടുത്ത നടപടിയിൽ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി ഡി.ജി.പി. ആറന്മുള പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനി നൽകിയ പരാതിയിലാണ് ഡി.ജി.പി റിപ്പോർട്ട് തേടിയത്.
സംഘർഷത്തിനിടെ എസ്.എഫ്.ഐക്കാരുടെ കൈയേറ്റത്തിൽ മൂക്കിന് പരിക്കേറ്റ വിദ്യാർഥിനി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആറന്മുള പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. വിഷയം ഉയർത്തി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പത്തുപേർക്കെതിരെയും കേസെടുത്തു. തുടർന്ന് എസ്.എഫ്.ഐക്കാർക്കെതിരെയും കേസെടുത്തു.
എസ്.എഫ്.ഐക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പൊലീസ് പെൺകുട്ടിക്കെതിരെ പരാതി എഴുതിവാങ്ങി രണ്ട് കേസുകളെടുത്തെന്നാണ് ആരോപണം. എസ്.എഫ്.ഐ പ്രവർത്തകനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ പട്ടികജാതി-വർഗ സംരക്ഷണ നിയമപ്രകാരം ജാമ്യമില്ല വകുപ്പിട്ട് കേസെടുത്തു. മറ്റൊരു വിദ്യാർഥിനിയെ ആക്രമിച്ചെന്ന പരാതിയിൽ രണ്ടാമെത്ത കേസും രജിസ്റ്റർ ചെയ്തു. പരിക്കേറ്റ വിദ്യാർഥിനിയുടെ പരാതി പിൻവലിപ്പിക്കാനുള്ള ശ്രമത്തിന് വഴങ്ങാത്തതുകൊണ്ടാണ് രണ്ടു കേസുകളെടുത്തതെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.