തൃശൂർ: ആംബുലൻസിൽ പൂരനഗരിയിൽ എത്തിയതിന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് കേസ്. ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഐ.പി.സി 279, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മനുഷ്യ ജീവന് ഹാനി വരാൻ സാധ്യതയുള്ള തരത്തിൽ ആംബുലൻസിൽ സഞ്ചരിച്ചുവെന്നാണ് പരാതിയിലുള്ളത്. അഭിജിത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
2024 ഏപ്രിൽ 20ന് പുലർച്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാൻ ആംബുലൻസിൽ എത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ പൂരനഗരിയിലേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു ആദ്യം സുരേഷ് ഗോപിയുടെ വാദം. ബി.ജെ.പി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് അവിടെ എത്തിയതെന്ന് ആവർത്തിക്കുകയും ചെയ്തു. ആംബുലൻസിൽ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാർഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കിൽ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കിൽ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താൻ തയാറുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.
ഒടുവിൽ ആംബുലൻസിൽ കയറിയെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയത് എന്നായിരുന്നു പിന്നീട് സുരേഷ് ഗോപിയുടെ അവകാശവാദം.
ആംബുലൻസിൽ സുരേഷ് ഗോപി പൂരനഗരിയിൽ വന്നിറങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിലാണെന്ന ബി.ജെ.പി തൃശൂർ ജില്ല അധ്യക്ഷൻ അനീഷ് കുമാറിന്‍റെ പ്രസ്താവനയും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആംബുലൻസിലല്ല വന്നത് എന്ന പ്രസ്താവനയിൽ നിന്നും സുരേഷ് ഗോപി പിൻവാങ്ങിയതും ആംബുലൻസിൽ വന്ന കാര്യം സമ്മതിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.