തിരുവനന്തപുരം: സ്വന്തം വീട്ടില്‍ പരസ്പരം സംസാരം പോലുമില്ലാതെ അന്യരെപ്പോലെ കഴിയുന്ന ദമ്പതിമാരുടെ എണ്ണം കൂടിവരുന്നതായി സംസ്ഥാന വനിത കമിഷന് അധ്യക്ഷ അഡ്വ: പി. സതിദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ രണ്ട് ദിവസമായി നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. 40 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ഇടയിലാണ് ഈ പ്രവണത കൂടുതൽ. കൗണ്‍സിലിങ്ങിലൂടെ ഇത്തരം പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് വനിത കമിഷൻ.
വിവാഹ വാഗ്ദാനം നല്കി ചൂഷണം ചെയ്തശേഷം സ്ത്രീയെ ഉപേക്ഷിക്കുന്ന കേസുകളും വർധിക്കുന്നു; മാത്രമല്ല അവർ സ്ത്രീകൾക്കെതിരെ അപവാദ പ്രചാരണവും നടത്തുന്നു. അദാലത്തിലെ രണ്ട് ദിവസവും ഇത്തരം കേസുകള്‍ വന്നു. ദമ്പതിമാരുടെ വിവാഹേതര ബന്ധങ്ങള്‍ പല കുടുംബങ്ങളെയും ശിഥിലമാക്കുന്നു. ഭര്‍ത്താവിനും ഭാര്യക്കും വിവാഹേതര ബന്ധമുള്ള കേസുകളും കമിഷന്റെ മുന്നില്‍ എത്തുന്നുണ്ട്. ഇവരുടെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ട് മറ്റൊരു പ്രശ്നമായി മാറുന്നതായും അഡ്വ. സതീദേവി പറഞ്ഞു.
രണ്ടാം ദിവസത്തെ അദാലത്തിന് വനിത കമിഷൻ അധ്യക്ഷക്കൊപ്പം വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, വനിത കമിഷന് ഡയറക്ടര്‍ ഷാജി സുഗുണന്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്, സബ് ഇന്‍സ്പെക്ടര്‍ മിനുമോള്, അഭിഭാഷകരായ രജിത റാണി, ഷൈനി റാണി, സൗമ്യ, കൗണ്‍സിലര്‍ കവിത എന്നിവർ പരാതി കേട്ടു.
രണ്ടാം ദിവസം 150 പരാതികളാണ് എത്തിയത്. ഇതില്‍ 32 എണ്ണത്തിന് പരിഹാരം കണ്ടു. 10 കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും അഞ്ച് കേസുകള്‍ കൗണ്‍സലിങ്ങിന് വിടുകയും ചെയ്തു. 103 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. രണ്ടുദിവസം കൊണ്ട് അദാലത്തിൽ 325 കേസുകൾ പരിഗണിച്ചതിൽ 68 കേസുകള്‍ക്ക് പരിഹാരം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.