സി.പി.എമ്മിൽ ജാതി വിവേചനമെന്ന്; ആദിവാസി ക്ഷേമ സമിതി നേതാവ് രാജിവെച്ചു

കൽപ്പറ്റ: സി.പി.എം ആദിവാസികളെ അവഗണിക്കുകയാണെന്നും പാർട്ടിയിൽ ജാതി വിവേചനം ശക്തമാണെന്നും ആരോപിച്ച് ആദിവാസി ക്ഷേമ സമിതി സുൽത്താൻ ബത്തേരി ഏരിയാ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും പാർട്ടി കൊളത്തൂർകുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് രാജിവച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ(ജെ.ആര്‍പി) മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വര്‍ഷം എന്‍ഡി.എ ജില്ലാ കണ്‍വീനറായിരുന്നു. അഖിലേന്ത്യാ പണിയ മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേ മൂന്നര വര്‍ഷം മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. ബത്തേരിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.കെ. ശ്രീമതിയാണ് ബിജുവിനെ ഹാരം അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പട്ടികവര്‍ഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ നേതൃനിരയിലേക്കു കടന്നുവരാന്‍ പാര്‍ട്ടിയിലെ ജാതിചിന്ത വച്ചുപുലര്‍ത്തുന്നവര്‍ അനുവദിക്കുന്നില്ലെന്ന് ബിജു പറഞ്ഞു.

പാർട്ടി വേദിക്ക് പുറത്ത അഭിപ്രായം പറയുന്നവരെ പൂർണമായും അവഗണിക്കുകയാണ് ചെയ്യുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറയുന്നതും നേതാക്കളില്‍ ചിലര്‍ക്ക് ദഹിക്കുന്നില്ല. പണിയ സമുദായാംഗമായ തന്നെ ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നതടക്കം ഓഫര്‍ ലഭിച്ചിരുന്നു. ഇതൊന്നും പ്രാവര്‍ത്തികമാക്കിയില്ല. പാര്‍ട്ടി നിയന്ത്രണത്തിലുള്ള എ.കെ.എസിന്റെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകൾക്ക് മുന്‍പ് ഭൂസമരം ആരംഭിച്ചത്. അതിപ്പോഴും തുടരുന്നത് സി.പി.എമ്മിന്റെ പട്ടികവര്‍ഗ സ്‌നേഹത്തിലെ കാപട്യത്തിന് ഉദാഹരണമാണെന്നും ബിജു കുറ്റപ്പെടുത്തി. കൊടകര കുഴൽ പണ കേസിൽ ഒട്ടേറെ വിവരങ്ങൾ തനിക്കറിയാം അതെല്ലാം അടുത്ത് തന്നെ വെളിപ്പെടുത്തും. സി.കെ. ജാനുവുമായി ബി.ജെ.പി ഉണ്ടാക്കിയ ബന്ധത്തിലടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ബിജു ​കാക്കത്തോട് പറഞ്ഞു.

Tags:    
News Summary - Caste discrimination in CPM; Tribal Welfare Committee leader resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.