പത്തനംതിട്ട: സമസ്തമേഖലയിലും വില കുതിച്ചുകയറുമ്പോൾ പിടിച്ചുനിൽക്കാനാകാതെ കാറ്ററിങ് മേഖല. ഭക്ഷ്യവസ്തുക്കൾക്ക് പുറമേ വൈദ്യുതി ചാർജും പാചകവാതക വിലയും കുതിച്ചു കയറുന്നതാണ് ഈ മേഖലക്ക് പിടിച്ചു നിൽക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുന്നത്. മേഖല നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാറിന് നിവേദനങ്ങൾ സമർപ്പിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലെന്ന് ഈ മേഖലയിലുള്ളവർ പറഞ്ഞു. അരി, പലവ്യഞ്ജനം, പച്ചക്കറി, മത്സ്യം, മാംസം, വിറക് തുടങ്ങിയവക്കെല്ലാം വില വർധിച്ചു. എന്നാൽ, ഇതനുസരിച്ച് ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാൻ കഴിയുന്നില്ല. കാറ്ററിങ് മേഖലയെ ആശ്രയിച്ച് നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. പാചക തൊഴിലാളികളും വിളമ്പുകാരും വാഹന ഡ്രൈവർമാരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. വിളമ്പുകാരിൽ ഏറിയ പങ്കും പാർട്ട് ടൈം ജോലിക്ക് തയയാറാകുന്ന വിദ്യാർഥികളും വനിതകളുമാണ്.
സാധനങ്ങളുടെ വില വർധന കാരണം ചെലവ് ചുരുക്കാൻ കാറ്ററിങ് ഉടമകൾ ജോലിക്കാരെ കുറക്കുകയാണ്. മാസ ശമ്പളമുള്ള സ്ഥിരം ജോലിക്കാരും ദിവസ വേതനക്കാരും പാർട്ട് ടൈം ജോലിക്കാരുമാണുളളത്. ഭക്ഷണ വില വർധിപ്പിച്ചാൽ ബുക്കിങ് നഷ്ടമാകും. എന്നാലും സ്ഥിരം ജോലിക്കാർക്ക് വേതനം കൊടുക്കണം. ബുക്കിങ് ഇല്ലാത്തപ്പോൾ ദിവസ വേതനക്കാർ മറ്റ് ജോലികൾക്ക് പോകും. പിന്നീട് ബുക്കിങ് കിട്ടുമ്പോൾ ജോലിക്കാരെ ലഭിക്കാതെയും വരും. കാറ്ററിങ്ങുകാരുടെ വാഹനങ്ങൾ കമേഴ്സ്യൽ പെർമിറ്റ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതുകാരണം കാറ്ററിങ് ഇല്ലാത്തപ്പോൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്നില്ല. വാഹനങ്ങൾക്ക് സ്വകാര്യ പെർമിറ്റ് അനുവദിക്കണമെന്നാണ് ആവശ്യം. വിലനിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ, ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഓഡിറ്റോറിയങ്ങളിൽ മാലിന്യ സംസ്കരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കാറ്ററിങ് സ്ഥാപന ഉടമകൾ മുന്നോട്ടു വെക്കുന്നത്. ജില്ലയിലെ 350 ഓളം കാറ്ററിങ് യൂനിറ്റുകളാണ് ഉള്ളത്. ഒരു കാറ്ററിങ് സ്ഥാപനത്തിൽ 50 മുതൽ 60വരെ തൊഴിലാളികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.