തിരുവനന്തപുരം: ഗവർണർ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസിന് സർക്കാറിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയന്റ് ഡയറക്ടർ പദവിയിലിരിക്കെ സർക്കാർ അനുമതി വാങ്ങാതെ വി.സിയുടെ അധിക ചുമതല ഏറ്റെടുത്തതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നോട്ടീസ് നൽകിയത്. ഡോ. സിസ മാർച്ച് 31ന് വിരമിക്കാനിരിക്കെയാണ് സർക്കാർ നടപടി.
സർക്കാർ അനുമതിയില്ലാതെ വി.സിയുടെ ചുമതല ഏറ്റെടുത്തത് കേരള സർവിസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.
നേരത്തേ ഡോ. സിസയെ സീനിയർ ജോയന്റ് ഡയറക്ടർ തസ്തികയിൽ നിന്ന് മാറ്റുകയും പിന്നീട് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായി മാറ്റി നിയമനം നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച പ്രിൻസിപ്പലിന്‍റെ ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സർക്കാർ നിർദേശിച്ച പേരുകൾ തള്ളി ഡോ. സിസക്ക് വി.സിയുടെ ചുമതല നൽകിയ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഡോ. സിസ വി.സിയുടെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, വി.സി നിയമനം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ അഡ്വക്കറ്റ് ജനറലിന്‍റെ ഉപദേശ പ്രകാരമാണ് അന്ന് നോട്ടീസ് നൽകാതിരുന്നത്.
സുപ്രീംകോടതി ഉത്തരവിലൂടെ സാങ്കേതിക സർവകലാശാല വി.സി പദവിയിൽനിന്ന് പുറത്തായ ഡോ. എം.എസ്. രാജശ്രീ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ തിരികെയെത്തിയതോടെ സിസ ചുമതല വഹിച്ചിരുന്ന സീനിയർ ജോയന്റ് ഡയറക്ടർ പദവിയിൽ നിയമനം നൽകുകയായിരുന്നു. ഇതിനെതിരെ ഡോ. സിസ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുകയും പകരം നിയമനം തിരുവനന്തപുരത്ത് നൽകണമെന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.