തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.ക്ക് നൽകാമെന്ന മുൻ തീരുമാനത്തിൽ നിന്ന് പിൻമാറി പൊതുഭരണ വകുപ്പ്. സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എക്ക് നൽകുന്നത് ചെലവേറിയ കാര്യമാണെന്നും അതിനാൽ ദൃശ്യങ്ങൾ ഇപ്പോൾ നൽകേണ്ടതില്ലെന്നുമാണ് വകുപ്പിെൻറ പുതിയ തീരുമാനമെന്ന് 'മീഡിയ വൺ' റിേപാർട്ട് ചെയ്തു. ദൃശ്യങ്ങൾ മാറ്റുന്നതിനായി 400 ടി.ബിയുടെ രണ്ട് ഹാർഡ് ഡിസ്ക്കുകൾ വേണം. അതിന് 1,40,00000 രൂപ ചെലവു വരുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പിെൻറ മലക്കം മറിയൽ.
സ്വർണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകമാണെന്ന വിലയിരുത്തലിലാണ് എൻ.ഐ.എ ദൃശ്യങ്ങൾ ലഭിക്കാനായി ശ്രമം നടത്തുന്നത്. ഒരു വർഷത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ് വിഭാഗവുമായി എൻ.ഐ.എ ബന്ധപ്പെട്ടു. തുടർന്ന് 24 മണിക്കൂറും പ്രവർത്തിച്ച 82 കാമറകളിൽ പതിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങൾ എൻ.ഐ.എക്ക് നൽകാമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചിരുന്നു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ വകുപ്പ് നിലപാട് മാറ്റി. എൻ.ഐ.എ ആവശ്യപ്പെട്ട ദൃശ്യങ്ങൾ ഏകദേശം 800 ടെറാബൈറ്റ് വരും. ഇത് ശേഖരിക്കാൻ 400 ടി.ബിയുെട രണ്ട് ഹാർഡ് ഡിസ്ക് ആവശ്യമാണ്. ഇത് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ട്. അതിനായി ഏകദേശം ഒരു കോടി നാൽപത് ലക്ഷം രൂപ ചെലവ് വരും. ഈ തുക ആര് വഹിക്കുമെന്നാണ് പൊതു ഭരണ വകുപ്പ് ചോദിക്കുന്നത്. അതിനാൽ തൽക്കാലം ദൃശ്യങ്ങൾ കൈമാറേണ്ടെന്നാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
എൻ.ഐ.എക്ക് ആവശ്യമുള്ളപ്പോൾ സ്റ്റോർ റൂമിൽ കയറി ദൃശ്യങ്ങൾ പരിശോധിക്കാമെന്നാണ് വകുപ്പിെൻറ നിലപാട്. അതേസമയം, 400 ടി.ബിയുെട രണ്ട് ഹാർഡ് ഡിസ്കുകൾക്ക് പകരം അതിൽ കുറഞ്ഞ അളവിൽ വിവരം ശേഖരിച്ചു വെക്കാൻ സാധിക്കുന്ന കുറച്ചധികം ഹാർഡ് ഡിസ്കുകളിൽ ദൃശ്യം ശേഖരിക്കാമല്ലോ എന്ന് ഐ.ടി വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.