കണ്ണൂർ: ചരിത്രം കുറിച്ച് പിണറായി വിജയൻ രണ്ടാമൂഴത്തിന് തുടക്കം കുറിച്ചപ്പോൾ മുഖ്യമന്ത്രിയുടെ നാട്ടിലും അതിരില്ലാത്ത ആഹ്ലാദം. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടമില്ലായിരുന്നു. എന്നാൽ, ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ആഘോഷങ്ങൾ പ്രധാനമായും പാർട്ടി ഓഫിസുകളും പ്രവർത്തകരുടെ വീടുകളും കേന്ദ്രീകരിച്ചായിരുന്നു.
വീട്ടുകാരെല്ലാം തലസ്ഥാനത്ത് ആയതിനാൽ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിൽ വ്യാഴാഴ്ച ആരുമുണ്ടായിരുന്നില്ല. പിണറായി കൺവെൻഷൻ സെൻററിൽ പാർട്ടി പ്രവർത്തകർ ഒന്നിച്ചിരുന്ന് ആഹ്ലാദം പങ്കിട്ടു.
സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും ഇവിടെ ഇരുന്നാണ് ചരിത്ര നിമിഷത്തിന് സാക്ഷിയായത്. പ്രത്യേകമായി ഒരുക്കിയ േകക്ക് എം.വി. ജയരാജൻ മുറിച്ച് അണികൾക്ക് വിതരണം ചെയ്തു. പായസവിതരണവുമുണ്ടായി. ഇടതുസർക്കാറിെൻറ തുടർഭരണമെന്ന ചരിത്രത്തിെൻറ നായകനായി പിണറായിയുടെ സ്വന്തം വിജയൻ നടന്നുകയറുന്നത് നാട്ടുകാർ ടി.വി സ്ക്രീനുകളിൽ കൺകുളിർക്കെ കണ്ടു.
മുഖ്യമന്ത്രി സത്യവാചകം ചൊല്ലാനായി എഴുന്നേറ്റ നിമിഷം മധുരം പങ്കിട്ടും പടക്കം പൊട്ടിച്ചും അവർ ചരിത്രനേട്ടം അവിസ്മരണീയമാക്കി. പിണറായി ഗ്രാമവും കണ്ണൂരും ആഘോഷത്തിമിർപ്പിലാകേണ്ട നിമിഷങ്ങളാണ് ഏറക്കുറെ നിശ്ശബ്ദമായി കടന്നുപോയത്.
കോവിഡ് കഴിഞ്ഞുള്ള കാലത്ത് ആഘോഷം ഗംഭീരമാക്കാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് അവരുടെ ഇനിയുള്ള പ്രതീക്ഷ. ആഘോഷം ലളിതമാക്കിയപ്പോൾ പാർട്ടി കമ്മിറ്റികൾ പലതും അതിനായി മാറ്റിവെച്ച തുകകൊണ്ട് സ്വരൂപിച്ച ഭക്ഷ്യകിറ്റുകർ പാർട്ടി പ്രവർത്തകൾ പ്രദേശത്തെ വീടുകളിൽ എത്തിച്ചുനൽകി. കോവിഡ് കാലത്ത് നാടും നഗരവും പ്രയാസമനുഭവിക്കുന്ന കാലത്ത് ഈ പ്രവർത്തനം മാതൃകാപരമായി.
സി.പി.എമ്മിെൻറ വിവിധ ബ്രാഞ്ച്, ഏരിയ കമ്മിറ്റി ഓഫിസുകളിൽ സത്യപ്രതിജ്ഞ കാണാൻ അവസരമൊരുക്കിയിരുന്നു. പ്രാദേശിക നേതാക്കളും പ്രവർത്തകരും പാർട്ടി ഓഫിസുകളിലിരുന്നാണ് ചടങ്ങ് വീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.