സംസ്ഥാനങ്ങളുടെ നിയമനിർമാണ അധികാരത്തിലേക്ക്​ കേന്ദ്രം കടന്നുകയറുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ പൂർണമായും അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ മേഖലകളിലേക്ക്‌ പോലും കേന്ദ്രം കടന്നുകയറുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ നിയമനിർമാണ അധികാരം കേന്ദ്രം കവർന്നെടുക്കുകയാണെന്നും സംസ്ഥാനങ്ങൾ പാസാക്കുന്ന നിയമങ്ങൾ പ്രാവർത്തികമാകാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ. മോഹൻ എഴുതിയ ‘ഇന്ത്യാസ്‌ ഫെഡറൽ സെറ്റ്‌അപ്‌: എ ജേർണി ത്രൂ സെവൻ ഡിക്കേഡ്‌സ്‌’ പുസ്‌തകം മാസ്കറ്റ്​ ഹോട്ടലിൽ നടന്ന ചടങ്ങിൽ ശശി തരൂർ എം.പിക്ക്​ നൽകി പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പല സംസ്ഥാനങ്ങളും പാസാക്കുന്ന നിയമങ്ങൾ അവസാന അംഗീകാരത്തിലേക്ക്‌ പോകാതെ തടയാൻ ബോധപൂർവംതന്നെ കേന്ദ്ര സർക്കാർ ഇടപെടുകയാണ്​. അധികാരങ്ങൾ കൂടുതൽ കൂടുതൽ കേന്ദ്രത്തിലേക്ക്‌ കേന്ദ്രീകരിക്കുന്ന സ്ഥിതിയാണിപ്പോൾ. ഒടുവിൽ സഹകരണ മേഖലയുടെമേൽ കൈവെച്ചപ്പോൾ സുപ്രീംകോടതിക്കുതന്നെ ഇടപെടേണ്ടിവന്നു. അധികാരത്തിന്റെ കാര്യത്തിൽ മാത്രമല്ല, നിയമ നിർമാണങ്ങളുടെയും അധികാരം കവർന്നെടുക്കുന്നു. സംസ്ഥാനത്തിന്‌ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന്‌ വലിയതോതിൽ ഇടംകോലിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രത്തിന്‍റെ വിഭവ വിതരണത്തിൽ വലിയ അസന്തുലിതത്വമാണുള്ളതെന്ന്​ പുസ്തകം ഏറ്റുവാങ്ങി ശശി തരൂർ പറഞ്ഞു. ജനസംഖ്യ നിയ​​ന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയതിനെ തുടർന്ന്​ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനസംഖ്യ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്​ വളരെ കുറഞ്ഞു. കേന്ദ്രാവിഷ്​കൃത പദ്ധതികൾക്കുള്ള പണം കേന്ദ്രം വീതം വെക്കുന്നത്​ ജനസംഖ്യ നോക്കിയാണ്​. ഫലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്​ കാര്യമായി ഒന്നും കിട്ടാത്ത സ്ഥിതിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ വിഹിതവും കിട്ടുന്ന സാഹചര്യവുമാണുള്ളത്​. കർണാടക ഒരു രൂപ നികുതി കൊടു​ക്കുമ്പോൾ 47 പൈസയാണ്​ കേന്ദ്രത്തിൽനിന്ന്​ തിരിച്ചുകിട്ടുന്നത്​. എന്നാൽ യു.പി ഒരു രൂപ നികുതി നൽകുമ്പോൾ 1.75 രൂപ കേന്ദ്രം തിരികെ നൽകുകയാണ്​. ഭാവിയിൽ ജനസംഖ്യാനുപാതികമായി പാർലമെന്‍റ്​ മണ്ഡലങ്ങൾ നിർണയിക്കപ്പെടുമ്പോൾ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം കുറയുകയും യു.പിയിലടക്കം മണ്ഡലങ്ങളുടെ എണ്ണം കൂടുകയും ചെയ്യുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Center encroaches on states' legislative powers -Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.