തൃശൂർ: കുടിക്കാനും വീട്ടാവശ്യത്തിനും വെള്ളം ഉപയോഗിക്കുന്ന റസിഡൻഷ്യൽ അപാർട്ട്മെന്റുകളും ഹൗസിങ് സൊസൈറ്റികളും ഉൾപ്പെടെ ഭൂഗർഭ ജലം ഉപയോഗിക്കുന്നവർക്ക് ലൈസൻസ് എടുക്കാൻ നിർബന്ധിച്ച് കേന്ദ്ര ഭൂഗർഭ ജല അതോറിറ്റി. 10,000 രൂപ രജിസ്ട്രേഷൻ അടച്ച് ലൈസൻസ് എടുക്കാൻ അതോറിറ്റി പത്രപരസ്യം മുഖേന ആവശ്യപ്പെട്ടിട്ടും കേരളത്തിൽ നിന്നു അധികം ഉപഭോക്താക്കൾ ലൈസൻസ് എടുത്തില്ല. ജൂൺ 30ന് മുമ്പ് പണമടച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു വിജ്ഞാപനം.
സർക്കാർ ജല വിതരണ ഏജൻസികൾ, സ്വിമ്മിങ് പൂൾ മേഖലയിലുള്ളവർ, അടിസ്ഥാന വികസനം, മൊത്ത ജല വിതരണക്കാർ തുടങ്ങിയ എല്ലാവരും കേന്ദ്ര ഭൂഗർഭജല അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങണമെന്ന ചെയർമാന്റെ പൊതുവിജ്ഞാപനമായിരുന്നു പരസ്യം ചെയ്തത്. തുടർച്ചയായി അറിയിപ്പ് നൽകിയിട്ടും അധികം പേർ ലൈസൻസ് എടുക്കുന്നില്ലെന്ന പരിഭവം അതോറിറ്റിയുടെ സർക്കുലറിൽ എടുത്തു പറയുന്നുണ്ട്.
സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് മഴക്കാലത്തു പോലും അപകടകരമായി താഴുന്നതായി കേന്ദ്ര പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. പാലക്കാട് ജില്ലയിൽ വർഷങ്ങളായി ഭൂജലം താഴുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽക്കിണറുകളുള്ള ജില്ലകളുടെ പട്ടികയിലാണ് പാലക്കാടും തൃശൂരും കാസർകോടും. സംസ്ഥാനത്തെ 30 ബ്ലോക്കുകളിലെ ജലനിരപ്പ് പരിശോധിച്ചതില്‍ 18 ഇടങ്ങളിലും വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നെന്ന് വർഷം മുമ്പ് നടത്തിയ പഠനത്തിൽ വെളിപ്പെട്ടിരുന്നു. ഉപഭോഗമറിഞ്ഞ് ജലസംഭരണ മാർഗങ്ങൾക്കുള്ള നടപടി 'കേന്ദ്ര ജല നയ'ത്തിൽ നിർദേശിക്കപ്പെട്ടിരുന്നു. ഇതിലേക്കായുള്ള ചവിട്ടുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
നിലവിൽ കുഴൽ കിണറുകൾ കുഴിക്കാൻ തദ്ദേശ വകുപ്പിൽ നിന്ന് അനുമതി ആവശ്യമാണ്. വെള്ളമൂറ്റൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.