കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തുള്ള വിജ്ഞാപനം അടിയന്തരമായി കേന്ദ്ര സർക്കാർ പുറപ്പെടുവിക്കണമെന്ന് ഹൈകോടതി. അന്വേഷണം വൈകുന്നത് കുറ്റവാളികൾക്ക് നേട്ടമാകും. ഇതിന് ആരാണ് ഉത്തരവാദിയെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.
അന്വേഷണം സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉടൻ അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്രസർക്കാറിനും സി.ബി.ഐക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്‍റെ പിതാവ് ടി. ജയപ്രകാശ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.
ഫെബ്രുവരി 18നാണ് സംഭവത്തിൽ വൈത്തിരി പൊലീസ് കേസെടുത്തത്. പ്രതികളെ രക്ഷപ്പെടുത്താൻ ഭരണകക്ഷി പാർട്ടിയുടെ ശ്രമം നടക്കുന്ന സാഹചര്യത്തിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. കേസിന്‍റെ ഫയലുകൾ മാർച്ച് 26ന് സി.ബി.ഐക്ക് കൈമാറിയെന്നും വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും സംസ്ഥാന സർക്കാർ അറിയിച്ചു. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സിദ്ധാർഥൻ റാഗിങ്ങിന്‍റെ പേരിൽ ക്രൂരമർദനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യത്തിന്‍റെ തീവ്രതയും ഗുരുതര പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് അന്വേഷണം കൈമാറിയെങ്കിലും അജ്ഞാതകാരണങ്ങളാൽ ഫയലുകൾ വൈകിയെന്ന് കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.