തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രിക്കാൻ അഞ്ച് നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തിൽ പറയുന്നു.
ഒരു പോസിറ്റീവ് കേസിൽ സമ്പർക്കപ്പട്ടികയിലെ 20-25 പേരെ ക്വാറൈന്റനിൽ പ്രവേശിപ്പിക്കണം, വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളിൽ പ്രത്യേക ശ്രദ്ധ വേണം, കണ്ടെയ്ൻമെന്റ് മേഖലയിൽ ടാർജറ്റ് ടെസ്റ്റിങ് വേണം, കണ്ടെയ്ൻമെന്റ് സോണുകൾ തിരിക്കേണ്ടത് കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം, രണ്ടാം ഡോസ് വാക്സിനേഷൻ സമയബന്ധിതമായി നടപ്പാക്കണം, വാക്സിനേഷൻ എടുത്തവരിൽ കോവിഡ് വന്നത് സംബന്ധിച്ച് പഠനം നടത്തണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
2021 ജൂലൈ 19 മുതൽ കേരളത്തിൽ രോഗം വർധിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജൂലൈയിൽ ശരാശരി 13,500 കേസായിരുന്നെങ്കിൽ ആഗസ്റ്റിൽ 19,500 കേസ് ആയി. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്.
കേരളത്തിലെ 14 ജില്ലകളിലും രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) കൂടുതലാണ്. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിൽ 10 ലക്ഷം പേരിൽ നാലായിരത്തിലധികം പേർ പോസിറ്റീവാണെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.