തിരുവനന്തപുരം: പട്ടയം നൽകാൻ കേന്ദ്രാനുമതി കാത്തിരിക്കുന്നത് 17,000 ഏക്കർ വനഭൂമി. സംസ്ഥാനത്ത് 1993 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം നൽകുന്നതിന് റവന്യൂ-വനംവകുപ്പുകൾ സംയുക്ത സർവേ പൂർത്തിയാക്കിയപ്പോൾ കണ്ടെത്തിയത് 42,629 ഏക്കർ വനഭൂമിയാണ്. അതിൽ പട്ടയം നൽകാൻ കേന്ദ്രാനുമതി ലഭിച്ചത് 29,491 ഏക്കറിനാണ്. ചട്ടപ്രകാരം 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമിയിൽ താമസമുറപ്പിച്ചവർക്ക് മാത്രമേ പട്ടയം നൽകാനാവൂ. നേരത്തേ കേന്ദ്രാനുമതി ലഭിച്ചതിൽ പട്ടയം നൽകാനുള്ളത് ഇടുക്കി, എറണാകുളം, തൃശൂർ കോഴിക്കോട് ജില്ലകളിലാണ്.
ഇടുക്കിയിൽ 24,668 ഏക്കർ വനഭൂമിക്കാണ് പട്ടയം നൽകാനുള്ളത്. അതേസമയം 26,687 ഏക്കറാണ് ഇവിടെ സംയുക്ത പരിശോധനയിൽ ഇതുവരെ കണ്ടെത്തിയത്. ഏതാണ്ട് 2020 ഏക്കർ വനഭൂമിക്ക് ഇടുക്കിയിൽ കേന്ദ്രാനുമതി ലഭിക്കണം. ഇടുക്കിയിൽ സംയുക്ത പരിശോധന അവസാനിച്ചിട്ടില്ല. അതു പൂർത്തിയാകുമ്പോഴേക്കും വനഭൂമിയുടെ അളവിലും വർധനയുണ്ടാകും.
ഇടുക്കി ജില്ലയിൽ ഈ വർഷം ഡിസംബർ 31ന് മുമ്പ് അർഹരായ മുഴുവൻപേർക്കും ഉപാധികളിൽ ഭേദഗതി വരുത്തിയ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് സർക്കാറിെൻറ ഉറപ്പ്. പട്ടയം നൽകുന്നതിനായി ലഭിച്ച ഏതാണ്ട് 38,000 അപേക്ഷകളിലാണ് നടപടി സ്വീകരിക്കേണ്ടത്. എന്നാൽ, വനഭൂമിക്ക് കേന്ദ്രാനുമതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം.
എറണാകുളത്ത് -875, തൃശൂർ- 3850, കോഴിക്കോട് - 98 വനഭൂമിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ആലപ്പുഴ, കാസർകോട് ഒഴികെ ജില്ലകളിലെല്ലാം വനഭൂമി സംയുക്ത പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം-61, കൊല്ലം-1092, പത്തനംതിട്ട-4925, പാലക്കാട്-657, മലപ്പുറം-575, വയനാട്- 2001, കണ്ണൂർ-23 ഏക്കർ വനഭൂമിക്ക് പട്ടയം നൽകണം. അതോടൊപ്പം കോട്ടയം ജില്ലയിൽ ഹിൽമെൻ സെറ്റിൽമെൻറ് പ്രദേശത്ത് 1557ഉം ആലപ്ര വനപ്രദേശത്ത് 259 ഏക്കറും സംയുക്ത പരിശോധനയിൽ കണ്ടെത്തി.
അതുപോലെ പത്തനംതിട്ട കോന്നി താലൂക്കിൽ ‘ഗ്രോ മോർ ഫുഡ്’ പദ്ധതി പ്രകാരം കൈമാറിയ ഭൂമിയും നിലവിൽ സംരക്ഷിത വനഭൂമിയായതിനാൽ 1980ലെ വനസംരക്ഷണ നിയമപ്രകാരം കേന്ദ്ര സർക്കാറിെൻറ അനുമതി വേണം. നേരത്തേ വനഭൂമി അനുവദിച്ചപ്പോൾ കേന്ദ്ര സർക്കാർ വീണ്ടും ഭൂമി ആവശ്യപ്പെടരുതെന്ന് താക്കീത് ചെയ്തിരുന്നു. അതിനാൽ വനഭൂമി വിതരണം സങ്കീർണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.