മുഖ്യമന്ത്രി-ഗവർണർ പോര്: കേന്ദ്ര സർക്കാരോ രാഷ്ട്രപതിയോ ഇടപെടണമെന്ന് കെ. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോരിൽ മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരോ രാഷ്ട്രപതിയോ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കായംകുളത്തെത്തിയ സുധാകരൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഇരുകൂട്ടരുടേയും അതിരുകവിഞ്ഞ പോര് ജനാധിപത്യത്തിന് ഭീഷണിയും നാടിന്‍റെ സംസ്കാരത്തിന് അപമാനവുമാണ്. ഭരണസ്തംഭനം ഉണ്ടായാൽ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷം എന്ന നിലയിൽ വിഷയത്തിൽ ഇടപെടാൻ കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെടും. ഒന്നുകിൽ ഗവൺമെന്‍റിനെ പിരിച്ചു വിടണം, അല്ലെങ്കിൽ ഗവർണറെ പിൻവലിക്കണം. കുട്ടികൾ തെരുവിൽ തെറിവിളിക്കുന്നത് പോലെയാണ് ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന പ്രസ്താവനകൾ. ഗവർണറുടെ ജീവന് ഭീഷണി ഉണ്ടെങ്കിൽ ഗൗരവമായി കാണണം. സി.പി.എം ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് സുധാകരൻ പറഞ്ഞു.

യൂണിവേഴ്സിറ്റി നിയമനമെല്ലാം പിൻവാതിൽ നിയമനമായിരുന്നു. ഇതിനെല്ലാം ആദ്യഘട്ടത്തിൽ സി.പി.എമ്മിനെ സഹായിച്ചത് ഗവർണറായിരുന്നു. ഗവർണറുടെ ദൗർബല്യം ചൂഷണം ചെയ്യാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ തർക്കത്തിന് കാരണം. യോഗ്യത ഇല്ലാത്തവരെ നിയമിക്കാർ കഴിയില്ലെന്ന് നിലപാടെടുത്താൽ ഗവർണറെ കുറ്റപ്പെടുത്താൻ കഴിയില്ല. അത് രാഷ്ട്രീയ നിലപാടായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

രാഹുൽ ഗാന്ധി നയിക്കുന്ന ജാഥയെ സാമാന്യ ബോധമുള്ളവർ എതിർക്കില്ല. സി.പി.എമ്മിന്‍റെ കേന്ദ്ര നേതൃത്യം അനുകൂലിക്കുന്നത് അതുകൊണ്ടുതന്നെയാണ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഒഴുകിപ്പോയി പച്ചത്തുരുത്തായി കേരളത്തെ മാത്രം കാണുന്ന വിവേകമില്ലാത്ത സി.പി.എം നേതാക്കൾ രാഹുൽ ഗാന്ധിയുടെ ജാഥയെ മാത്രമല്ല, സി.പി.എമ്മിന്‍റെ കേന്ദ്ര നേതൃത്വം എടുത്തിട്ടുള്ള തീരുമാനങ്ങളെ വരെ തള്ളിപ്പറഞ്ഞിട്ടുള്ളവരാണ്.

ഭരണമില്ലാത്ത സംസ്ഥാനങ്ങളിലും 62 ശതമാനത്തിലേറെ വോട്ടുള്ള കരുത്തുറ്റ പ്രസ്ഥാനമാണ് കോൺഗ്രസ്. രാജ്യവ്യാപകമായി ഇത്തരമൊരു ജാഥ സംഘടിപ്പിക്കാൻ കഴിയാത്തവരാണ് പരിഹാസവുമായി വന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം വലയുമ്പോൾ എന്ത് പഠിക്കാനാണ് മന്ത്രിമാരുടെ സംഘം വിദേശത്ത് പോകുന്നതെന്നും കെ. സുധാകരൻ ചോദിച്ചു.

Tags:    
News Summary - Central Government should intervene to end fight between Chief Minister-Governor says K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.