തൃശൂർ: സ്മാർട്ട് മീറ്ററിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ 37 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടെൻഡർ തീയതി ഏപ്രിൽ 29 വരെ നീട്ടി. ഡിസംബറിൽ സ്മാർട്ട് മീറ്ററിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയില്ലെങ്കിൽ ആര്.ഡി.എസ്.എസ് (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെ്കടർ സ്കീം) പദ്ധതിയിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന 12056 കോടിയുടെ പദ്ധതികളാണ് അനിശ്ചിതാവസ്ഥയിലാകുക.
കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കായി 10,000 കോടിയിലേറെ തുകയുടെ അധിക നിർദേശം നൽകാനും കേന്ദ്രം നിർദേശിച്ചിരുന്നു. ഇത് തയാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച് കെ.എസ്.ഇ.ബി കാത്തിരിക്കുന്നതിനിടെയാണ് ആദ്യഘട്ടം അനിശ്ചിതാവസ്ഥയിലായത്.
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ 2023 ഡിസംബറില്‍ അവസാനിക്കുന്ന ഒന്നാം ഘട്ടത്തില്‍ 37 ലക്ഷം കണക്ഷനുകളും അടുത്ത ഘട്ടമായി ബാക്കി കണക്ഷനുകളും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറ്റേണ്ടതുണ്ട്. 27 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് നിർദേശം. 93 മാസം അറ്റകുറ്റപണിച്ചുമതലയും ടെൻഡർ ഏറ്റെടുക്കുന്ന കമ്പനിക്കുണ്ടാകും. 8200 കോടി രൂപയോളം ചെലവുവരുന്ന പദ്ധതിക്ക് പരമാവധി 15 ശതമാനം വരെ കേന്ദ്ര ധനസഹായമാണ്. സംസ്ഥാനത്ത് ടെൻഡർ നീണ്ടുപോകുന്നതോടെ കേന്ദ്ര സഹായം നഷ്ടമായേക്കുമെന്ന ആശങ്ക വിദഗ്ധ സമിതിയും ഉന്നയിച്ചിരുന്നു. 2025ഓടെ പദ്ധതി പൂർണമായും പൂർത്തിയാക്കാനാണ് കേന്ദ്ര നിർദേശം.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം രൂപവത്കരിച്ച വിദഗ്ധ സമിതി വ്യക്തമായ നിർദേശം നൽകാത്തതാണ് വിനയായത്. സിഡാക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്മാർട്ട് മീറ്ററുകൾ പൊതുമേഖല സ്ഥാപനങ്ങളുടെ എസ്.പി.വി രൂപവത്കരിച്ച് നിർമിച്ച് കേന്ദ്ര സർക്കാറിന്റെ എം പാനൽ പട്ടികയിൽ ഇടം നേടാമെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ പരമാർശിച്ചിരുന്നു. അതിനാൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ സാവകാശം വേണമെന്ന് കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. നിലവിൽ കേന്ദ്രസർക്കാർ എം പാനൽ ചെയ്ത 41 കമ്പനിക്കേ ടെൻഡറിൽ പങ്കെടുക്കാനാകൂ.
സൗരോർജം, കാറ്റാടി നിലയങ്ങൾ തുടങ്ങിയ പുനരുപയോഗ ഊര്‍ജ ഉൽപാദനം വ്യാപകമാകുന്നതോടെ പ്രസരണ വിതരണ ശൃംഖലക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ സ്മാര്‍ട്ട് ഗ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടി വരുമെന്നും സ്മാര്‍ട്ട് മീറ്റര്‍ സ്മാര്‍ട്ട് ഗ്രിഡിന്റെ അവിഭാജ്യഘടകമാണെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. കെ.എസ്.ഇ.ബിയിലെ ഇടതുസംഘടനകൾ എതിർത്തതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.