കോഴിക്കോട്: സ്വർണപ്പണയ കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ സബ്സിഡി നൽകാത്തത് കർഷകർക്ക് ഇരട്ടിയിലേറെ പലിശ ഭാരമാകുന്നു. പുതിയ സാമ്പത്തികവർഷം ഇത്തരം വായ്പകൾക്ക് സബ്സിഡി നൽകുന്നതിനെക്കുറിച്ച അറിയിപ്പ് ബാങ്കുകൾക്ക് ലഭിച്ചിട്ടില്ല.
വായ്പ നിയന്ത്രണത്തിന് പിന്നാലെയാണ് സബ്സിഡി വൈകുന്നത്. പതിവുപോലെ സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31 വരെയുള്ള സ്വർണപ്പണയ കാർഷിക വായ്പകൾക്കാണ് കേന്ദ്രം സബ്സിഡി അനുവദിച്ചത്. അതുവരെ എടുത്ത വായ്പകൾക്ക് സബ്സിഡിയുണ്ട്.
ഒമ്പത് ശതമാനമാണ് സ്വർണപ്പണയത്തിനുള്ള വാർഷിക പലിശ. രണ്ട് ശതമാനം സബ്സിഡി എല്ലാവർക്കും കേന്ദ്രസർക്കാർ നൽകാറാണ് പതിവ്. കൃഷി വിളവെടുക്കാനുള്ള സമയമെന്ന സങ്കൽപത്തിൽ ഒരുവർഷത്തിനകം തിരിച്ചടക്കണം. ഇതിനിടെ കൃത്യമായി തിരിച്ചടക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ ഇളവ് കൂടി കേന്ദ്ര സർക്കാർ നൽകും. ഫലത്തിൽ, വായ്പയെടുത്തവർക്ക് നാല് ശതമാനം പലിശ അടച്ചാൽ മതിയായിരുന്നു.
നിലവിൽ സ്വർണപ്പണയ വായ്പ തിരിച്ചടക്കാനോ പുതുക്കാനോ ചെല്ലുന്നവരോട് ഒമ്പത് ശതമാനം പലിശക്കുരുക്കിന്റെ കാര്യം ബാങ്കുകാർ ആദ്യമേ പറയുന്നുണ്ട്. സബ്സിഡി അറിയിപ്പ് കിട്ടാത്തതിനാൽ ഒമ്പത് ശതമാനം പലിശ നൽകാൻ തയാറാണെന്ന് പ്രത്യേക ഫോറത്തിൽ സത്യവാങ്മൂലവും ചില ബാങ്കുകൾ എഴുതി വാങ്ങുന്നു.
സബ്സിഡി വരുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഒരുവർഷത്തേക്ക് കാത്തുനിൽക്കാതെ പണയംവെച്ച സ്വർണാഭരണങ്ങൾ അത്യാവശ്യത്തിന് തിരിച്ചെടുക്കണമെന്നുള്ളവർക്കാണ് കേന്ദ്രനയം തിരിച്ചടിയാകുന്നത്. ബാങ്കുകൾക്കും ഇടപാടുകാർക്കും ആശയക്കുഴപ്പവുമുണ്ട്.
കാർഷികാവശ്യത്തിനുള്ള സ്വർണപ്പണയ വായ്പകൾ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് റിസർവ് ബാങ്ക് കർശന നിബന്ധനകൾ കൊണ്ടുവന്നത്. മൂന്ന് വർഷം മുമ്പ് സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ അയച്ച കത്താണ് അന്ന് കേന്ദ്ര കൃഷിമന്ത്രാലയവും റിസർവ് ബാങ്കും പ്രധാനമായും ആയുധമാക്കിയത്. വൻകിട സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വർണമുൾപ്പെടെ കാർഷിക വായ്പയായി ചില ബാങ്കുകളിൽ പണയപ്പെടുത്തിയതായും ആക്ഷേപമുണ്ടായിരുന്നു.
ഇത്തരം തട്ടിപ്പുകൾക്ക് തടയിട്ടെങ്കിലും യഥാർഥ കർഷകർക്ക് സ്വർണപ്പണയ വായ്പ കിട്ടുന്നതിന് കടമ്പകളേറെയാണ്. 50 സെന്റിൽ കൂടുതൽ സ്ഥലമുള്ളവർക്കാണ് ബാങ്കുകളുടെ പരിഗണന. സെന്റിന് 2,000 രൂപ വരെയാണ് പരമാവധി കിട്ടുന്നത്. സ്ഥലമുള്ള സാധാരണക്കാരന് നികുതി ശീട്ടും സ്വർണവുമായി സമീപിച്ചാൽ സബ്സിഡിയുള്ള വായ്പ കിട്ടുന്നില്ല. ഈ നൂലാമാലകൾക്കിടയിലാണ് നിലവിലുള്ള ആനുകൂല്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്താതെ ഉഴപ്പുന്നത്.
മുൻനിര ബാങ്കായ എസ്.ബി.ഐക്കടക്കം സ്വർണപ്പണയ വായ്പകൾ വർധിപ്പിച്ച് കർഷകർക്ക് അനുകൂല നിലപാടാണുള്ളത്. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം കഴിഞ്ഞിട്ടും കാർഷിക വായ്പയുടെ പലിശ സബ്സിഡി തീരുമാനമാകാത്തതിൽ സംസ്ഥാന കൃഷി വകുപ്പും പാർലമെന്റംഗങ്ങളും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.