കൊച്ചി/തൃപ്പൂണിത്തുറ: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവ് െകാല്ലപ്പെട്ട കേസിൽ അഭിഭാഷകനായ സി.പി. ഉദയഭാനുവിെൻറ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുപറഞ്ഞാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിന് പിന്നാലെ പുതുക്കാട് സി.െഎയുടെ നേതൃത്വത്തിലുള്ള സംഘം ഉദയഭാനുവിെൻറ വീട്ടിൽ പരിശോധന നടത്തി. ഉദയഭാനു ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘നിങ്ങളെത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലെന്ന’ വാക്യം ഉദ്ധരിച്ചാണ് ഹരജി കോടതി തള്ളിയത്. അതേസമയം, മൂന്നാം മുറ അടക്കമുള്ള പീഡനങ്ങൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീക്കി.
സെപ്റ്റംബർ 29ന് നെടുമ്പാശ്ശേരി നായത്തോട് സ്വദേശി വി.എ. രാജീവിനെ ചക്കര ജോണി അടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയെന്ന കേസിലെ ഏഴാം പ്രതിയാണ് ഉദയഭാനു. രാജീവ് ഇടനിലക്കാരനായിനിന്ന് ഭൂമി വാങ്ങാൻ ഉദയഭാനു കരാർ ഉണ്ടാക്കി അഡ്വാൻസ് നൽകിയെങ്കിലും ഇടപാട് നടന്നിരുന്നില്ല. അഡ്വാൻസ് തുക തിരിച്ചുചോദിച്ചതോടെ ഉദയഭാനുവും രാജീവും ശത്രുക്കളായെന്നും പണം തിരികെക്കിട്ടാൻ തട്ടിക്കൊണ്ടുപോയി മർദിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിടുവിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നെന്നുമാണ് കേസ്.
ജോണിക്കെതിരെ രാജീവ് നൽകിയ കേസുകളിൽ അദ്ദേഹത്തിെൻറ അഭിഭാഷകനായിരുന്ന ഉദയഭാനു പിന്നീട് ഇയാളുമായി സൗഹൃദത്തിലാവുകയും രാജീവിനെ ഇടനിലക്കാരനാക്കി വൻതോതിൽ ഭൂമിവാങ്ങാൻ കരാർ ഉണ്ടാക്കിയതായും കേസ് ഡയറിയിൽ വ്യക്തമാണെന്ന് കോടതി വിലയിരുത്തി. കേസിൽ ഉദയഭാനുവിെൻറ പങ്ക് സ്ഥിരീകരിക്കാൻ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അനിവാര്യമാണ്. രാജീവിനെ ഉദയഭാനുവും ജോണിയും ഭീഷണിപ്പെടുത്തി മുദ്രപ്പത്രങ്ങളിൽ ഒപ്പിടുവിച്ചെന്ന ആരോപണത്തെക്കുറിച്ച് അറിയാനും ഇയാളെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദയഭാനുവിെൻറ തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡരികിലെ വീട്ടിൽ നോട്ടീസ് നൽകി. പൊലീസെത്തുമ്പോൾ ഉദയഭാനു ഉണ്ടായിരുന്നില്ല.
വിളിച്ചുവരുത്താനുള്ള ശ്രമവും വിജയിച്ചില്ല. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ വീട്ടിൽനിന്ന് പൊലീസിന് ലഭിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.