കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിസാം നൽകിയ ഹരജി ഹൈകോടതി തള്ളി. ജാമ്യം സെപ്റ്റംബർ 15ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഉച്ചക്ക് 12നുമുമ്പ് തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ കീഴടങ്ങണം.
ഇതിന് തയാറാകാത്തപക്ഷം കസ്റ്റഡിയിലെടുത്ത് സൂപ്രണ്ട് മുമ്പാകെ ഹാജരാക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം. ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇയാൾ നൽകിയ ഹരജിയിൽ ഉപാധികളോടെ ജാമ്യം അനുവദിച്ച് ആഗസ്റ്റ് 11ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പിന്നീട് ഇത് രണ്ട് തവണകൂടി നീട്ടി ആഗസ്റ്റ് 19നും സെപ്റ്റംബർ ഒമ്പതിനും രണ്ട് ഉത്തരവുകൂടി പുറത്തിറക്കി.
15ന് കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിച്ചത്. പാലാരിവട്ടത്തെ ആശുപത്രിയിൽ ചികിത്സയിലിരുന്ന നിസാം നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി സ്വമേധയാ മരടിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു. അധികൃതരെ അറിയിക്കാതെ നിർബന്ധപൂർവം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത് ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച പ്രോസിക്യൂഷൻ ജാമ്യം നീട്ടി നൽകുന്നതിനെ എതിർത്തു.
ആവശ്യമായ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് നൽകാമെന്നും വ്യക്തമാക്കി. ഇക്കാര്യം പരിഗണിച്ചാണ് ജാമ്യം നീട്ടണമെന്ന ആവശ്യം തള്ളിയത്. സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രബോസിെന കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 2015 ജനുവരി 29 ന് അറസ്റ്റിലായ നിസാമിന് തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തത്തിനുപുറമെ 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിെനതിരായ അപ്പീല്‍ ഹരജി കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.