വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു

ബി.പി.എൽ കാർഡിന് ഓഫിസ്​ കയറി മടുത്ത വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മട്ടാഞ്ചേരി: എ.പി.എൽ റേഷൻ കാർഡ് ബി.പി.എൽ വിഭാഗത്തിലേക്ക്​ മാറ്റിക്കിട്ടാൻ നടന്നുവലഞ്ഞ വീട്ടമ്മ റേഷനിങ് ഓഫിസിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു. ദേഹത്ത്​ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച വീട്ടമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി സമീപത്തെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം.

കൊച്ചങ്ങാടി ചിത്തുപറമ്പിൽ പുറമ്പോക്കിൽ താമസിക്കുന്ന ഷംലത്ത് (45), ഒമ്പത്​ വയസ്സുള്ള മകൻ അക്ബറുമൊത്താണ്​ ആത്മഹത്യശ്രമം നടത്തിയത്. സ്വന്തമായി കിടപ്പാടമില്ലാത്ത ഇവർ വീട്ടു ജോലിയെടുത്താണ്​ ജീവിക്കുന്നത്​. റേഷൻ കാർഡ്​ ബി.പി.എൽ വിഭാഗത്തിലെ പിങ്ക് കാർഡാക്കി മാറ്റിക്കിട്ടാൻ അപേക്ഷ നൽകി ഓഫിസിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട്​ മാസങ്ങളായി. ഇവരുടെ കാർഡിന്​ 10.90 രൂപ നിരക്കിൽ മൂന്ന് കിലോ അരി മാത്രമാണ് ലഭിക്കുക. മറ്റ്​ ആനുകൂല്യങ്ങളുമില്ല. ബി.പി.എൽ വിഭാഗത്തിലായാൽ രണ്ടുരൂപ നിരക്കിൽ എട്ടുകിലോ അരിയും രണ്ടുകിലോ ഗോതമ്പും ലഭിക്കും. കോവിഡ് വ്യാപനത്തോടെ വീട്ടുജോലി ഇല്ലാതായി പട്ടിണിയിലായ ഷംലത്ത് കാർഡ് മാറ്റത്തിലുള്ള കാലതാമസത്തിലും ഉദ്യോഗസ്ഥര​ുടെ നിഷേധാത്​മക സമീപനത്തിലും മനം നൊന്താണ് ആത്മഹത്യക്ക്​ ശ്രമിച്ചത്​.

രാവിലെ ഓഫിസിലെത്തിയ ഇവർ പറഞ്ഞതൊന്നും ജീവനക്കാർ ഗൗനിച്ചില്ല. തനിക്ക് ആത്​മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് പറഞ്ഞപ്പോൾ പോയി ആത്മഹത്യ ചെയ്യൂ എന്ന്​ ഉദ്യോഗസ്ഥൻ ആക്ഷേപിച്ചതായും ഷംലത്ത്​ ആരോപിക്കുന്നു. തുടർന്നാണ്​ തിരികെ വീട്ടിൽപോയി മണ്ണെണ്ണയുമെടുത്ത് ഓഫിസിന് മുന്നിലെത്തി ആത്മഹത്യക്ക് ശ്രമിച്ചത്​.

അതേസമയം, കഴിഞ്ഞ ജൂലൈയിലാണ്​ ഇവർ അപേക്ഷ തന്നതെന്നും ഇത് സിറ്റി റേഷനിങ് ഓഫിസ് പരിധിയിൽ തീർക്കാവുന്ന വിഷയമല്ലെന്നും അപേക്ഷ തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ടെന്നും സിറ്റി റേഷനിങ് ഓഫിസർ ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സൈറ്റ് ഓപൺ ചെയ്ത് കാർഡ് തരം മാറ്റത്തിന് അനുവാദം കിട്ടിയാൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂ. ഓഫിസിലെത്തിയ വീട്ടമ്മയോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. മറ്റൊരു വിധത്തിലും പെരുമാറിയിട്ടില്ലെന്നും നടന്ന സംഭവം ജില്ല സ​ൈപ്ല ഓഫിസർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സിറ്റി റേഷനിങ് ഓഫിസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ജനകീയ സംഘടനകൾ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.