െകാച്ചി: 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നിലം തരംമാറ്റാൻ അപേക്ഷ നൽകിയ ദിവസം കണക്കാക്കി (കട്ട് ഓഫ് ഡേറ്റ്) ഫീസിളവ് അനുവദിക്കാനുള്ള സർക്കാറിെൻറ സർക്കുലർ ഹൈകോടതി റദ്ദാക്കി. റവന്യൂ രേഖകളിൽ നിലമാണെങ്കിലും േഡറ്റ ബാങ്കിൽ ഉൾപ്പെടാതെ കിടക്കുന്നതും നിർമാണപ്രവർത്തനങ്ങൾക്കോ മറ്റോ അതുവരെ ഉപയോഗിക്കാത്തതുമായ 25 സെൻറിൽ താഴെയുള്ള ഭൂമിയുടെ തരം മാറ്റാൻ ഫീസ് വേണ്ടതില്ലെന്ന 2021 ഫെബ്രുവരി 25ലെ സർക്കാർ ഉത്തരവിെൻറ ആനുകൂല്യം അതിനുമുമ്പുള്ള അപേക്ഷകർക്കും ബാധകമാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 27എ, 27ഡി വകുപ്പുകളിൽ 2017 ഡിസംബർ 30ന് കൊണ്ടുവന്ന ഭേദഗതിയുടെ നിയമസാധുത ചോദ്യംചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം അനുമതി വാങ്ങാത്തതും റവന്യൂ രേഖകളിൽ നിലമെന്നുണ്ടെങ്കിലും േഡറ്റ ബാങ്കിൽ ഉൾപ്പെടാത്തതുമായ ഭൂമി 2008ലെ നിയമം വരുംമുമ്പ് നികത്തി രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ 2008 നിയമത്തിലെ െസക്ഷൻ 27 പ്രകാരം ആർ.ഡി.ഒക്ക് ക്രമപ്പെടുത്താൻ അപേക്ഷ നൽകാമെന്നാണ് ചട്ടം.
ആർ.ഡി.ഒയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിൽ അവിടെ വീടോ, വാണിജ്യസ്ഥാപനമോ മറ്റോ നിർമിക്കാൻ അനുമതി തേടാം. എന്നാൽ, നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന 2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയ ഭൂമി നിയമപരമായി ക്രമപ്പെടുത്താനുള്ള അവസരമൊരുക്കാനാണ് 2017ലെ ഭേദഗതി കൊണ്ടുവന്നത്. ഹരജി പരിഗണനയിലിരിക്കെ, 25 സെൻറ് വരെയുള്ള ഭൂമി നികത്താൻ ഫീസ് നൽകേണ്ടതില്ലെന്ന് 2021 ഫെബ്രുവരി 25ന് സർക്കാർ ഭേദഗതി കൊണ്ടുവന്നു. 25 മുതൽ ഒരേക്കർവരെ മതിപ്പുവിലയുടെ 10 ശതമാനവും ഒന്നിന് മുകളിൽ 20 ശതമാനവും നൽകണമെന്നും നിശ്ചയിച്ചു.
അതേസമയം, 2021 ഫെബ്രുവരി 25ന് ശേഷം ലഭിച്ച അപേക്ഷകളിൽ മാത്രമേ ഈ ഫീസിളവ് അനുവദിക്കേണ്ടതുള്ളൂവെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജൂലൈ 23ന് വേറെ സർക്കുലറും പുറപ്പെടുവിച്ചു. ഈ സർക്കുലറാണ് ഭരണഘടന വിരുദ്ധവും നിയമവും ചട്ടവും ലംഘിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്.
ഫീസിളവിനുള്ള അപേക്ഷകൾ കട്ട് ഓഫ് ഡേറ്റ് പരിഗണിക്കാതെ രണ്ടു മാസത്തിനകം പരിഗണിക്കാനും കോടതി നിർദേശിച്ചു. അതേസമയം, 2008 നിയമത്തിലെ 27എ, 27ഡി വകുപ്പുകളിലെ ഭേദഗതിയുടെ നിയമസാധുത സംബന്ധിച്ച വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ട് കോടതി മുമ്പാകെയുള്ള മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഭൂമിയുടെ തരം മാറ്റാൻ ഫീസിളവ് നൽകുന്നതിന് കട്ട് ഒാഫ് ഡേറ്റ് വെച്ചത് യുക്തമായ വേർതിരിവ് എന്ന നിലയിലാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ഹൈകോടതി. വേർതിരിവ് നീതീകരിക്കാനാകാത്തതും സ്വേച്ഛാപരവുമാണ്.
തുല്യ ആനുകൂല്യത്തിന് അർഹരായ ഒരേ വിഭാഗക്കാരായവരെ അപേക്ഷ നൽകുന്ന വ്യത്യസ്ത തീയതികളുടെ അടിസ്ഥാനത്തിൽ വേർതിരിക്കാനാവില്ല. ഒരേ സാഹചര്യത്തിലും ചുറ്റുപാടിലുമുള്ളവരെ ഒരേരീതിയിൽ തന്നെ പരിപാലിക്കപ്പെടണമെന്ന ഭരണഘടന വ്യവസ്ഥയാണ് സർക്കുലറിലൂടെ ലംഘിക്കപ്പെട്ടത്.
തുല്യർക്ക് ബാധ്യതകളും ആനുകൂല്യങ്ങളും ഭരണഘടനാപരമായി തുല്യമായി തന്നെ ലഭ്യമാക്കണം. ഒരു വിഭാഗത്തെ ഒഴിവാക്കി ഇളവ് നടപ്പാക്കുന്നത് ഭരണഘടനയുടെയും നിയമത്തിെൻറയും ലക്ഷ്യം ഇല്ലാതാക്കും -കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.