ഭൂമി തരം മാറ്റൽ: അധികമായി അടപ്പിച്ച 6.20 ലക്ഷം രൂപ തിരികെ നൽകാൻ ഉത്തരവ്

തിരുവനന്തപുരം : നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരം മാറ്റിയ ഭൂമിക്ക് ഉദ്യോഗസ്ഥർ അധികമായി അടപ്പിച്ച 6,20,044 രൂപ തിരികെ നൽകാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. എറണാകുളം ഏലൂർ വില്ലേജിൽ ബ്ലോക്ക് 169 റീസർവേ 17, 24 എന്നിവയിൽപെട്ട ഭൂമിയുടെ തരം മാറ്റം അനുവദിക്കാൻ അധികമായി തുക അടപ്പിച്ചുവെന്ന് തങ്കമണി ദാസ് നൽകിയ പരാതിയിലാണ് ഉത്തരവായത്. 

ആകെ 8.26,464 രൂപ അടക്കേണ്ടതിന് തങ്കമണി ദാസിൽനിന്ന് ഉദ്യോഗസ്ഥർ 14,46,508 രൂപ ഫീസ് ഈടാക്കി. തങ്കമണി ദാസ് കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തതിനെ തുടർന്നാണ് ഭൂമിയുടെ ന്യായവില കണക്കാക്കാൻ വീണ്ടും പരിശോധന നടത്തിയത്. ന്യായവില കണക്കാക്കിയതിൽ തെറ്റു പറ്റിയതായി പരിശോധനയിൽ റവന്യൂ വകുപ്പിന് വ്യക്തമായി. അധികമായി ഈടാക്കിയ 6.20 ലക്ഷം രൂപ തിരികെ നൽകുന്നതിനായി നടപടി സ്വീകരിച്ചുവെങ്കിലും ഈ തുക തിരികെ നൽകിയില്ല. തങ്കമണി കോടതിയെ സമീപച്ചതിനെ തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഉത്തരവിട്ടത്.

തങ്കമണി നൽകിയ പരാതിയിൽ ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസറുടെ നിർദേശ പ്രകാരം, ഭൂമിയുടെ ന്യായവില കണക്കാക്കിയതിൽ വന്ന പിശക് മൂലം അധികമായി ഈടാക്കിയിട്ടുള്ള തുക തിരികെ നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ ശിപാർശ.

ഏല്ലൂർ വില്ലേജിൽ ബ്ലോക്ക് 169 റീസർവേ 17 ൽ ഉൾപ്പെട്ട ഭൂമിക്ക് അപേക്ഷ സമർപ്പിച്ച സമയം നിലവിലുണ്ടായിരുന്ന നിയമപ്രകാരം, ഭൂമി മുൻസിപ്പൽ ഏരിയയിൽ ആയിരുന്നു. അതിനാൽ ന്യായവിലയുടെ 20ശതാമനം തുക, ഫീസ് ആയി ഈടാക്കാം. അത് പ്രകാരം ബ്ലോക്ക് 169ലെ റീസർവേ 24 ൽപ്പെട്ട 6.44 ആർ ഭൂമിക്ക് 5,61,053 രൂപയും റീസർവേ 17ലെ 6.77 ആർ ഭൂമിക്ക് 2,65,411- രൂപയും ആണ് ഫീസ് ഈടാക്കേണ്ടത്. ആകെ 8.26,464 രൂപ.

എന്നാൽ തങ്കമണി ദാസ് സമർപ്പിച്ച അപേക്ഷ പ്രകാരം ഉദ്യോഗസ്ഥർ 14,46,508 രൂപ ഫീസ് ഇനത്തിൽ ഈടാക്കി. വിജ്ഞാപനം ചെയ്യാത്ത ഭൂമിയുടെ തരംമാറ്റലിനായി 14,46,508 രൂപ തെറ്റായ ഫീസാണ് നിശ്ചയിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചുവെന്നും ഒടുവിൽ കണ്ടെത്തി. ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന കർശന നിർദേശം നൽകിയാണ് ഉത്തരവ്.  

Tags:    
News Summary - Change of land type: Accident order to refund Rs.6.20 lakhs paid in excess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.