ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ബലാത്സംഗം, കാപ്പ ഉത്തരവിന്‍റെ ലംഘനം തുടങ്ങി നിരവധി കേസിലെ പ്രതിയായ പള്ളിപ്പുറം ചെറായി കോടശ്ശേരി വീട്ടിൽ വിനു കെ. സത്യൻ (22) നെയാണ് കാപ്പ ചുമത്തി ജയിലിലാക്കിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്താലാണ് നടപടി. 2019 ൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയ ഇയാള്‍ക്കെതിരെ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കേസെടുത്തിരുന്നു. 2020 ൽ പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ വെച്ച് പ്രണവ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
ചെറായി ബീച്ച് റോഡിൽ വച്ച് നിഖിൽ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 75 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു, 52 പേരെ നാട് കടത്തി.
മുനമ്പം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ മുരളി, ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസ് എന്നിവരുടെ നേതൃത്വത്തില്‍, സബ് ഇന്‍സ്പെക്ടര്‍മാരായ വി.കെ. ശശികുമാര്‍, എം. അനീഷ്, പി. റെജി, സി.പി.ഒമാരായ സുബീഷ്, റഫീഖ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.