നീലേശ്വരം: ചീമേനി കനിയാന്തോലിൽ ചെങ്കൽപണയിലെ വെള്ളക്കെട്ടിൽ മരിച്ച ഇരട്ടക്കുട്ടികൾക്ക് കണ്ണീരോടെ വിട. കുട്ടികളുടെ മൃതദേഹം നീലേശ്വരം കൊയാമ്പുറത്തെ അമ്മ വീട്ടിൽ പൊതുദർശനത്തിനുവെച്ചപ്പോൾ നാട് നിറമിഴികളോടെ അന്ത്യോപചാരമർപ്പിച്ചു. കനിയാന്തോലിലെ രാധാകൃഷ്ണന്റെയും പുഷ്പയുടെയും മക്കളായ സുദേവിന്റെയും(11) ശ്രീദേവിന്റെയും(11) മൃതദേഹമാണ് മാതാവ് പുഷ്പയുടെ സഹോദരി വയലിൽ കാർത്യായനിയുടെ വീട്ടിൽ പൊതുദർശനത്തിനു വെച്ചത്. സ്കൂൾ അവധിക്കാലത്തും മറ്റും ഇവിടെ താമസത്തിനെത്താറുള്ള കുരുന്നുകളുടെ ചേതനയറ്റ ശരീരങ്ങൾകണ്ട് നാട് വിതുമ്പി. കൊയാമ്പുറത്ത് അമ്മ വീട്ടിൽ എത്തിയാൽ ഗ്രാമം മുഴുവൻ ഓടിച്ചാടി മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു രസിച്ചുമതിയാവാതെയാണ് അച്ചന്റെ വീട്ടിലേക്ക് മടങ്ങാറ്.
അതുകൊണ്ടുതന്നെ കൊയാമ്പുറം ഗ്രാമത്തിലെ മുഴുവനാളുകൾക്കും ഈ കുരുന്നുകളെ സുപരിചിതമായിരുന്നു. അതാണ് അന്ത്യയാത്രയിലും അവസാനമായി ഒരുനോക്കുകാണാൻ വിതുമ്പലോടെ എത്തിയത്. സമീപപ്രദേശങ്ങളിൽനിന്നുപോലും വാഹനങ്ങളിലും മറ്റുമായി നൂറുകണക്കിനാളുകൾ വീട്ടുമുറ്റത്തേക്കൊഴുകിയെത്തി.
നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, സ്ഥിരംസമിതി ചെയർമാൻമാരായ ഷംസുദ്ദീൻ അരിഞ്ചിര, വി. ഗൗരി, കെ.പി. രവീന്ദ്രൻ, പി. ഭാർഗവി, ടി.പി. ലത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ വി.വി. സുനിത, കൗൺസിലർമാരായ കെ. മോഹനൻ, റഫീഖ് കോട്ടപ്പുറം, ഇ. ഷജീർ, കെ.വി. ശശികുമാർ, പി.പി. ലത, വി.വി. ശ്രീജ, രാഷ്ട്രീയ നേതാക്കളായ എം. സത്യൻ, എറുവാട്ട് മോഹനൻ, സുധാകരൻ ചെറുവത്തൂർ, എം. അസിനാർ, കെ. രാഘവൻ, സി. വിദ്യാധരൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ചീമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്. കണ്ണീരോടെയാണ് ഇരട്ടക്കുട്ടികളെ കൊയാമ്പുറം ഗ്രാമം അവസാനമായി യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.