നാദാപുരം: ഏവരുടെയും പ്രാർഥനകൾ വിഫലമാക്കി അവർ യാത്രയായി. ചെക്യാട് കായലോട്ടുതാഴെ പൊള്ളലേറ്റ് ചികിത്സയിലായ കീറിയ പറമ്പത്ത് റീനയും മകൻ സ്റ്റഫിനും മരിച്ചതോടെ കുടുംബത്തിലെ നാലുപേർ ഒന്നിനുപിറകെ ഒന്നായി മരണത്തിന് കീഴടങ്ങിയത് വിശ്വസിക്കാനാവാതെ നടുങ്ങിയിരിക്കുകയാണ് മലയോര ഗ്രാമം.
കഴിഞ്ഞദിവസം മരണമടഞ്ഞ റീനയുടെ ഭർത്താവ് രാജുവിെൻറയും മൂത്തമകൻ സ്റ്റാലിഷിെൻറയും ചിതയെരിഞ്ഞു തീരും മുമ്പേയാണ് വ്യാഴാഴ്ച ഉച്ചയോടെ റീനയുടെ മരണവിവരം നാട്ടുകാരറിയുന്നത്.
പോസ്റ്റുമോർട്ടത്തിനുള്ള നടപടിക്രമങ്ങൾ തീർത്ത് സംസ്കാര ചടങ്ങിന് കാത്തിരിക്കെ ഇളയ മകൻ സ്റ്റഫിനും മരണത്തിലേക്ക് നീങ്ങുകയായിരുന്നു. രാജുവും റീനയും തമ്മിലുള്ള ചെറിയ പിണക്കങ്ങൾ കടുംകൈക്ക് രാജുവിനെ പ്രേരിപ്പിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
ഇത്രയും കൊടുംക്രൂരത കാട്ടാൻ തക്കവിധമുള്ള വിഷയങ്ങൾ ഒന്നുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ദുരന്തദിവസം സമീപത്തെ വീട്ടിൽ വിവാഹ ഒരുക്കങ്ങൾക്ക് അയൽ വീട്ടുകാരോടൊപ്പം മക്കളുമൊന്നിച്ച് പോയി തിരിച്ചെത്തി കിടന്നുറങ്ങിയവരാണ് പുലർച്ചയോടെ തീഗോളമായി മാറിയത്.
പ്രദേശത്തെ മിക്ക പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു റീനയും മക്കളും. എന്നാൽ, രാജു പൊതുവെ നാട്ടുകാരുമായി അകലം പാലിക്കുന്ന പ്രകൃതക്കാരനായിരുന്നു. റീനയുടെയും സ്റ്റഫിെൻറയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും.സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.