ചെല്ലാനം ടെട്രാപോഡ് സംരക്ഷണ ഭിത്തി: രണ്ടാംഘട്ടം നവംബറില്‍ ആരംഭിക്കുമെന്ന് റോഷി അഗസ്റ്റിന്‍

കൊച്ചി: ചെല്ലാനം തീരപ്രദേശത്തെ ടെട്രാപോഡ് കടല്‍ ഭിത്തിയുടെ ഒന്നാം ഘട്ടം നവംബര്‍ ആദ്യം ഉദ്ഘാടനം ചെയ്യാനാകുമെന്നും അതോടൊപ്പം രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. ആദ്യഘട്ടത്തിലെ 90 ശതമാനം നിർമാണവും പൂര്‍ത്തിയായി. കടല്‍ഭിത്തിയോട് ചേര്‍ന്ന നടപ്പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

സുരക്ഷ കണക്കിലെടുത്ത് നടപ്പാതയ്ക്ക് ഇരുവശവും സംരക്ഷണവേലി നിര്‍മിക്കും. ബസാര്‍ ഭാഗത്തെ ആറ് പുലിമുട്ടുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ ഒമ്പത് പുലിമുട്ടുകള്‍ കൂടി സ്ഥാപിക്കും. ചെല്ലാനത്തെ ടെട്രാപോഡ് തീരസംരക്ഷണ ഭിത്തിയുടെ ആദ്യഘട്ട നിർമാണ പുരോഗതിയും തീരദേശത്തെ നിലവിലെ സാഹചര്യങ്ങളും വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി.

റെക്കോര്‍ഡ് വേഗത്തിലാണ് ചെല്ലാനത്തെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത്. ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ സന്തോഷത്തില്‍ ആണെന്നും സര്‍ക്കാര്‍ എന്നും തീരദേശ ജനതയ്ക്ക് ഒപ്പമാണെന്നും മന്ത്രി പറഞ്ഞു.

8.15 ലക്ഷം മെട്രിക് ടണ്‍ കരിങ്കല്ലുകളും 1.20 ലക്ഷം ടെട്രാ പോഡുകളും ഉപയോഗിച്ചാണ് 7.32 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ ഭിത്തിയും ബസാറിലെ 6 പുലിമുട്ടുകളും നിര്‍മ്മിക്കുന്നത്. ചെല്ലാനം ഹര്‍ബാര്‍, പുത്തന്‍തോട് എന്നിവിടങ്ങളിലായി 500 മീറ്റര്‍ ദൂരത്തില്‍ നടപ്പാത നിർമാണാവും പൂര്‍ത്തിയായി. ബാക്കിയുള്ള നടപ്പാത രണ്ടാം ഘട്ടത്തിലാകും പൂര്‍ത്തികരിക്കുക. കരിങ്കല്ലിന്റെ ദൗര്‍ലഭ്യവും ടിപ്പര്‍, ലോറി സമരവും പ്രതികൂല കാലാവസ്ഥയും നിര്‍മ്മാണത്തിന് തടസങ്ങളായെങ്കിലും റെക്കോഡ് വേഗത്തിലാണ് ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നത്.

പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ വന്‍ ടൂറിസം വികസത്തിന് കൂടിയാണ് ചെല്ലാനത്ത് തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തീരദേശത്ത് ടെട്രാ പോട്ടുകളും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത്തരം ടെട്രാ പോട്ടുകളില്‍ ഉപ്പുവെള്ളത്തില്‍ വളരുന്ന സസ്യങ്ങളും കണ്ടല്‍ക്കാടുകളും വച്ചുപിടിപ്പിച്ച് മനോഹരമാക്കി ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും.

പുത്തന്‍തോട് മുതല്‍ ചെറിയ കടവ് സി.എം.എസ് പാലം വരെയുള്ള 3.36 കിലോമീറ്റര്‍ കടല്‍ ഭിത്തിയുടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുനരുദ്ധാരണവും പുത്തന്‍തോട് ഭാഗത്ത് 1.20 കിലോമീറ്റര്‍ ദൂരം ഒമ്പത് പുലിമുട്ടുകള്‍ അടങ്ങിയ ശൃംഖലയുടെ നിര്‍മ്മാണവും 9.50 കിലോമീറ്റര്‍ ദൂരം നടപ്പാതയുടെ നിര്‍മ്മാണവും ഉള്‍പ്പെടെ 320 കോടി രൂപയുടേതാണ് രണ്ടാം ഘട്ടം. ഒന്നാംഘട്ടത്തിന്റെ ഭാഗമായി 7.30 കിലോമീറ്റര്‍ കടല്‍ഭിത്തിക്ക് സമാന്തരമായി താല്‍ക്കാലിക റോഡ് നിര്‍മിച്ചാണ് കരിങ്കല്ലുകളും ടെട്രാപോഡളും കയറ്റിയ ട്രക്കുകളുടെ സഞ്ചാര പാത തയാറാക്കിയത്.

ഈ റോഡ് നിലനിര്‍ത്തിയാല്‍ ഭാവിയില്‍ കടല്‍ ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാനും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ സൗകര്യപ്രദവും ആയിരിക്കും. ഈ റോഡ് യഥാര്‍ഥ്യമാക്കുന്നതിന് സ്ഥലവാസികളുടെ സമ്മതത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെല്ലാനം ഹാര്‍ബര്‍, ബസാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി ജനപ്രതിനിധികളുമായും നാട്ടുകാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കെ.ജെ.മാക്‌സി എം.എല്‍.എ ജനപ്രതിനിധികൾ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Chellanam Tetrapod Protection Wall: Phase 2 to start in November, Roshi Augustine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.