മേപ്പാടി: രാവിലെ ഒരു മണിക്കൂർ അധികജോലി ചെയ്യണമെന്ന മാനേജ്മെൻറിെൻറ നിർദേശം തൊഴിലാളികൾ തള്ളിയതിനെത്തുടർന്ന് ചെമ്പ്ര എസ്റ്റേറ്റിൽ തൊഴിൽ തർക്കം. രാവിലെ ഏഴുമുതൽ എട്ടുവരെ ഇൻസെൻറിവ് (കൈക്കാശ്) വാങ്ങിയും എട്ടുമുതൽ സാധാരണ ജോലിയും ചെയ്യാൻ തയാറാകണമെന്നാണ് മാനേജ്മെൻറ് മുന്നോട്ടുവെച്ച നിർദേശം.
ഒരുകിലോ പച്ചത്തേയിലക്ക് (കൊളുന്ത്) 5.50 രൂപ പ്രകാരം അധിക തുക പണമായി തൊഴിലാളികൾക്ക് നൽകാം എന്നതാണ് മാനേജ്മെൻറ് നിർദേശം. ഇത് തൊഴിലാളികൾക്കും യൂനിയൻ പ്രാദേശിക നേതൃത്വങ്ങൾക്കും സ്വീകാര്യമായില്ല. അതിനാൽ പതിവുപോലെ രാവിലെ എട്ടിന് ജോലിക്കെത്തിയ തൊഴിലാളികൾക്ക് മാനേജ്മെൻറ് ജോലി നിഷേധിച്ചെന്നും തൊഴിലാളികൾ ആരോപിച്ചു. ഇതേത്തുടർന്ന് ചൊവ്വാഴ്ച തൊഴിലാളികൾ ജോലി ബഹിഷ്കരിച്ചു.
യൂനിയൻ നേതാക്കൾ മാനേജ്മെൻറുമായി ചർച്ച നടത്തിയെങ്കിലും പരിഹരിക്കപ്പെട്ടില്ല. അധികജോലി അടിച്ചേൽപിക്കണമെന്ന വാശിയാണ് പ്രശ്നത്തിനു കാരണമെന്ന് യൂനിയൻ നേതാക്കളായ ബി. സുരേഷ് ബാബു, യു. കരുണൻ എന്നിവർ ആരോപിച്ചു. മൂന്നും നാലും കിലോമീറ്റർ നടന്ന് രാവിലെ ഏഴിന് തൊഴിലിടങ്ങളിലെത്തുകയെന്നത് തൊഴിലാളികളെ സംബന്ധിച്ച് വിഷമകരമാണെന്നും അവർ പറയുന്നു.
എന്നാൽ, എസ്റ്റേറ്റിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പ്രതിദിനം 65,000 രൂപ നഷ്ടം സഹിച്ചാണ് തോട്ടം നടത്തിക്കൊണ്ടുപോകുന്നതെന്നും മാനേജ്മെൻറ് പറയുന്നു. യഥാസമയം പറിച്ചെടുക്കാത്തതുമൂലം ഇലകൾ മൂത്തുപോയതിനാൽ ഫാക്ടറികൾ വിലക്ക് വാങ്ങാൻ വിസമ്മതിക്കുന്ന സ്ഥിതിയുണ്ട്. അതൊഴിവാക്കാൻ ചെറിയ വിട്ടുവീഴ്ചക്കുപോലും യൂനിയനുകളും തൊഴിലാളികളും തയാറാകാത്തത് നിർഭാഗ്യകരമാണെന്നും മാനേജർ ബി. മാച്ചയ്യ പറഞ്ഞു. പ്രശ്നം നീണ്ടുപോയാൽ തോട്ടം വീണ്ടും അടച്ചിടേണ്ട സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.