ബി.ഡി.ജെ.എസ് പിന്മാറിയാൽ ശ്രീധരൻപിള്ളക്ക് വോട്ട് ലഭിക്കില്ല -വെള്ളാപ്പള്ളി

ചേർത്തല: ബി.ഡി.ജെ.എസ് പിന്മാറിയാൽ ബി.ജെ.പി സ്ഥാനാർഥി ശ്രീധരൻപിള്ളക്ക് പഴയ വോട്ട് ലഭിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രശ്നം ഇനി പരിഹരിച്ചാലും വിടവ് നികത്താനാവുമോ എന്ന് സംശയമാണ്. ചെങ്ങന്നൂരിൽ ത്രികോണ മൽസരമാണ് നടക്കുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഘടകകക്ഷികൾക്ക് ഒന്നും കൊടുക്കാത്ത ബി.ജെ.പി 200ലധികം പോസ്റ്റുകൾ സ്വന്തമാക്കി. ബി.ജെ.പി വിചാരിച്ച കാര്യങ്ങളെല്ലാം നിമിഷ നേരം കൊണ്ട് നടത്തി. പ്രശ്നം പരിഹരിക്കാൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ശ്രമിച്ചില്ല. ഗത്യന്തരമില്ലാതെയാണ് ബി.ഡി.ജെ.എസ് സമ്മർദ്ദതന്ത്രത്തിലേക്ക് പോയതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. 

ഇടതുപക്ഷം ആളില്ലാ പാർട്ടികൾക്കും സ്ഥാനമാനങ്ങൾ നൽകി. യു.ഡി.എഫും അവരുടെ കാലത്ത് നൽകിയിട്ടുണ്ട്. സജി ചെറിയാനെ തോൽപ്പിക്കാൻ എം.വി ഗോവിന്ദൻ ശ്രമിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്‍റെ ഭാഗമായാണ് ചാനൽ ചർച്ചയിൽ ബി.ഡി.ജെ.എസ് വർഗീയ പാർട്ടിയെന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

തെരഞ്ഞെടുപ്പിന്‍റെ ചിത്രം പൂർണമായി വ്യക്തമായാൽ എസ്.എൻ.ഡി.പി കൃത്യമായ നിലപാട് പ്രഖ്യാപിക്കും. ശ്രീധരൻപിള്ള കാണാൻ വന്നിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ഉത്തരവാദപ്പെട്ടവർക്ക് എഴുതി നൽകിയതായും ശ്രീധരൻപിള്ള അറിയിച്ചു. മറ്റൊരു ഇടം കിട്ടുകയാണെങ്കിൽ ബി.ഡി.ജെ.എസ് എൻ.ഡി.എ വിട്ടു പോരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്‍റെ വിലയിരുത്തലാവുമോ എന്ന് പറയാനാവില്ല. ചെങ്ങന്നൂരിൽ ഇപ്പോൾ മുൻതൂക്കം സജി ചെറിയാനാണ്. ശ്രീധരൻ പിള്ള മൂന്നാമത്. ട്രെൻഡ് ഭാവിയിൽ മാറിയേക്കാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Chengannur by Election: Vellappally Natesan Attack to BJP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.