ജനങ്ങളുടെ ഭൂമി തട്ടിപ്പറിക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയാണ് വേങ്ങരയിലെ എ.ആര്‍ നഗറിലും സംഘര്‍ഷത്തിന് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

ദേശീയ പാത വികസനത്തിനായി അലൈന്‍മെന്റ് മാറ്റിയപ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അവരെ ശത്രുരാജ്യക്കാരെ നേരിടുന്നതു പോലെയാണ് പൊലീസ് തല്ലിച്ചതച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ  യാതൊരു ദയവുമില്ലാതെ പൊലീസ് മര്‍ദ്ദിച്ചു. പിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളിലേക്ക് കടന്നു കയറിയും പൊലീസ് അക്രമം അഴിച്ചു വിട്ടു. 

നേരത്തെ കീഴാറ്റൂരിലും കുറ്റിപ്പുറം മുതല്‍ കീഴാറ്റൂര്‍ വരെയുള്ള ദേശീയ പാതയുടെ സ്ഥലം എടുപ്പിലും പിണറായി സര്‍ക്കാര്‍ ഇതേ ധാര്‍ഷ്ട്യമാണ് കാണിച്ചത്. നിരാലംബരായ സാധാരണ ജനങ്ങളെ അടിച്ചൊതുക്കി അവരുടെ ഭൂമി ബലമായി പിടിച്ചെടുക്കുന്ന കാടത്തമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. വേങ്ങരയില്‍ സര്‍വ്വേ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വച്ച് ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാവണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  

Tags:    
News Summary - Chennithala On AR Nagar Protest - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.