തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരൻ ചുമതലയേറ്റതിനു പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ ചൊവ്വാഴ്ച ചെന്നിത്തലയോട് രാഹുല്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
നിയമസഭാകക്ഷി നേതാവിനെ നിശ്ചയിച്ച രീതിയിൽ രമേശിനുള്ള അതൃപ്തി പരിഹരിക്കുന്നതിനും പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുമായാണ് വിളിപ്പിച്ചതെന്നാണ് സൂചന. കെ. സുധാകരന്‍ ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ബുധനാഴ്ച നടത്താൻ തീരുമാനിച്ചിരുന്നതിനാൽ കൂടിക്കാഴ്ച 18 ലേക്ക് മാറ്റുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെതുടർന്ന് സംസ്ഥാനത്ത് ഹൈകമാൻഡ് ഏകപക്ഷീയമായി നടപ്പാക്കിയ അഴിച്ചുപണികളിൽ എ,ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പ്രതിപക്ഷനേതാവായി വി.ഡി. സതീശനെ നിശ്ചയിച്ചതിനെ എതിർക്കുന്നില്ലെങ്കിലും അതിന് സ്വീകരിച്ച രീതിയോടാണ് ഗ്രൂപ്പുകൾക്ക് എതിർപ്പ്.
ഹൈകമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് സംഘടനാ ചുമതലയുള്ള എ.െഎ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇൗ നീക്കങ്ങൾക്ക് പിന്നിലെന്നാണ് അവരുടെ നിലപാട്. ഇക്കാര്യം രാഹുലുമായുള്ള കൂടിക്കാഴ്ചയിലും ചെന്നിത്തല അറിയിച്ചേക്കും. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ചെന്നിത്തലക്ക് ദേശീയതലത്തിൽ പാർട്ടി ചുമതല നൽകുന്നത് ഹൈകമാൻഡിെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.