തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ കോൺഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാർട്ടി അധ്യക്ഷക്ക് കത്തയച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ.സി. ജോസഫ്. സോണിയ ഗാന്ധിക്ക് കത്തയച്ചോ എന്ന് ചെന്നിത്തലയാണ് വ്യക്തത വരുത്തേണ്ടതെന്ന് കെ.സി. ജോസഫ് പറഞ്ഞു.
പാർട്ടി അധ്യക്ഷക്ക് ചെന്നിത്തല അയച്ച കത്തിൽ എന്തൊക്കെ പറഞ്ഞുവെന്ന് അറിയില്ല. എന്നാൽ, ഈയൊരു വാർത്ത വന്നതോടെ അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. കത്ത് അയച്ച വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചതെന്നും കെ.സി ജോസഫ് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിനിടെ സംഘടനക്കുള്ളിൽ പ്രശ്നങ്ങളുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും ട്രമ്പിൾഷൂട്ടറായി ഓടിയെത്തിയത് ഉമ്മൻ ചാണ്ടിയാണ്. പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട അശോക് ചവാൻ സമിതിയേക്കാൾ പ്രധാനമാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടി അധ്യക്ഷക്ക് കൈമാറിയ റിപ്പോർട്ട്. മുല്ലപ്പള്ളി സമഗ്ര റിപ്പോർട്ടാണ് നൽകിയത്. ചവാൻ സമിതിയുടെ റിപ്പോർട്ട് വരുമ്പോൾ അതിൽ കെ.പി.സി.സി അധ്യക്ഷന്‍റെ നിഗമനങ്ങളും ഉണ്ടാവുമെന്ന് കെ.സി ജോസഫ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.