മന്ത്രി മണി ഉൾപ്പെടെയുള്ളവർ സദസ്സിലിരുന്ന് കുലുങ്ങിച്ചിരിച്ചു; അശ്ലീല പരാമർശത്തിൽ ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

ആലപ്പുഴ: രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയ മുൻ എം.പി ജോയ്സ് ജോർജ്ജിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോയ്സ് ജോർജ് നടത്തിയ അശ്ലീല പരാമർശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം. മണി ഉൾപ്പെടെയുള്ളവർ സദസ്സിലിരുന്ന് ഈ പരാമർശം കേട്ട് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണെന്ന് ചെന്നിത്തല പറഞ്ഞു.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ജനങ്ങളോട് ഇടപഴകിയാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും തെളിവാണ്. വനിതാ കോളജിലെ ചടങ്ങുകളിൽ ആയോധനകല പഠിപ്പിച്ചുതരാൻ പറയുന്ന കുട്ടികൾക്ക് അതിന്‍റെ പാഠങ്ങൾ പഠിപ്പിച്ചു നൽകുന്നത് ഒരു നേതാവ് എപ്രകാരം ജനങ്ങളുമായി ഇടപഴകണം എന്നതിന്‍റെ ഉദാഹരണങ്ങളാണ്. അഹന്തകളില്ലാത്ത, നാട്യങ്ങളില്ലാത്ത ഒരു സാധാരണക്കാരൻ മാത്രമാണ് രാഹുൽ ഗാന്ധി. നിർലോഭമായ സ്നേഹം അതുകൊണ്ടുതന്നെ ജനങ്ങൾ അദ്ദേഹത്തിന് നല്കുന്നു.

രാഷ്ട്രീയത്തിലെ എല്ലാ മാന്യതകളും മറന്നുകൊണ്ടായിരുന്നു മുൻ ഇടുക്കി എം.പിയുടെ പരാമർശങ്ങൾ. രാഹുൽ ഗാന്ധിയെ മാത്രമല്ല, സ്ത്രീകളെ മുഴുവൻ അപമാനിച്ചിരിക്കുകയാണ് ജോയ്സ് ജോർജ്ജ്.

ജോയ്സ് ജോർജ്ജിന്‍റെ അശ്ലീല പരാമർശത്തെക്കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയൻ ഇരിക്കാൻ പറയുമ്പോൾ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇക്കൂട്ടർ. വനിതാ കമീഷന് ഈ വിഷയത്തിൽ ഒന്നും പറയാനില്ലേ ?

രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച, മുഴുവൻ സ്ത്രീകളെയും അപമാനിച്ച ജോയ്സ് ജോർജ്ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ദേശീയനേതാവായ രാഹുൽ ഗാന്ധിയുടെ യോഗങ്ങളിൽ ലക്ഷക്കണക്കിനാളുകൾ കൂടുന്നതിലുള്ള മാനസിക പ്രയാസമാണ് തരംതാണ പ്രതികരണത്തിന് പ്രേരിപ്പിച്ചത്. ഇന്ന് വൈകീട്ട് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രതിഷേധത്തിന് ചെന്നിത്തല ആഹ്വാനം ചെയ്തു.

വോട്ടിങ് ആരംഭിച്ച സാഹചര്യത്തിൽ പ്രീപോൾ സർവേ നിർത്തിവെക്കണമെന്ന് തെര. കമീഷനോട് ആവശ്യപ്പെട്ടു. ഇരട്ടവോട്ടിൽ ഹൈകോടതി‍യിൽ അഡി. സത്യവാങ്മൂലം നൽകും. ആർ.എസ്.എസിന്‍റെ വിശ്വസ്തനും അടുത്ത മിത്രവുമാണ് പിണറായി വിജയൻ. ശ്രീ എമ്മിന്‍റെ വി‍‍ഷയത്തിൽ ഇത് വ്യക്തമായതാണെന്നും ചെന്നിത്തല പറഞ്ഞു. 

Full View


Tags:    
News Summary - Chennithala wants Joice George arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.