ചേ​രി​ക്ക​ലി​ൽ നാ​ട്ട​ര​ങ്ങ് പ​ണി​ക​ഴി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി​മ​ണ്ഡ​പം

ഗാന്ധിജിയുടെ പാദസ്പർശമേറ്റ ചേരിക്കൽ ഗ്രാമം

പന്തളം: ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മഹാത്മാഗാന്ധിയുടെ അവസാന കേരള സന്ദർശനം. 1934 മാർച്ച് 12 മുതൽ 28 വരെ ഗാന്ധിജി കേരളത്തിലുണ്ടായിരുന്നു. മാർച്ച് 12ന് തിരുവനന്തപുരത്തെത്തിയ ഗാന്ധിജി, 28ന് കൊട്ടാരക്കര വഴി അന്നത്തെ മദ്രാസിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ 25നാണ് പന്തളത്ത് ഹരിജൻ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി പന്തളം ചേരിക്കൽ സന്ദർശിക്കുന്നത്. ഇതിന്‍റെ ഭാഗമായി ചേരിക്കൽ നാട്ടരങ്ങ് പണികഴിപ്പിച്ച ഗാന്ധി സ്മൃതിമണ്ഡപം ഇപ്പോഴും സജീവമായി നിലനിൽക്കുന്നു.

സ്വാതന്ത്ര്യസമര സന്ദേശവും പട്ടികജാതി ജനതയുടെ ഉന്നതിയും ലക്ഷ്യമാക്കി എം.എൻ. ഗോവിന്ദൻ നായരുടെ ശ്രമഫലമായി ചേരിക്കൽ ശ്രദ്ധാനന്ദ വിലാസം ലോവർ പ്രൈമറി സ്കൂളിൽ എത്തിയ മഹാത്മജിയുടെ സ്മരണക്കായി നാട്ടരങ്ങ് ചേരിക്കൽ ജങ്നിൽ പണികഴിപ്പിച്ചതാണ് ഗാന്ധി സ്മൃതിമണ്ഡപം. വിവിധ സംഘടനകൾ വളരെ പ്രാധാന്യത്തോടെ ദേശീയോദ്ഗ്രഥന പരിപാടികളും ദിനാചരണങ്ങളും മറ്റും ഇവിടെ നടത്തിവരുന്നു. പ്രദേശത്ത് ജീവിച്ചിരിക്കുന്ന പ്രായമായ ആളുകളിൽ ചിലർ മഹാത്മജിയുടെ സന്ദർശനം ഓർക്കുന്നു.

ഒരു നടവഴി മാത്രമായിരുന്ന മാവേലിക്കര-പന്തളം റോഡിലെ പൂളയിൽ ജങ്ഷനിൽനിന്ന് ചേരിക്കലേക്കുള്ള റോഡ് അദ്ദേഹത്തിന് വരുന്നതിനുവേണ്ടി നാട്ടുകാർ വെട്ടിനിർമിച്ചതാണെന്ന് പഴമക്കാർ പറയുന്നു. ആളുകളിൽ ദേശാഭിമാനവും സ്വാതന്ത്ര്യബോധവും ഉയർത്തുന്ന തരത്തിൽ ചേരിക്കൽ കവലയിൽ നാട്ടരങ്ങ് പണികഴിപ്പിച്ചിട്ടുള്ള ഗാന്ധി സ്മൃതിമണ്ഡപം ചരിത്ര സ്മാരകമായി നിലനിൽക്കുന്നു.

തിരുവല്ലയിൽനിന്ന്‌ ആറന്മുളയിലേക്കുള്ള യാത്രക്കിടെ ചെങ്ങന്നൂർ ക്ഷേത്രം സന്ദർശിച്ചു. അഞ്ച് കൊമ്പനാനകളുടെ അകമ്പടിയിൽ സ്ത്രീകൾ താലപ്പൊലിയും കുരവയുമായി സ്വീകരിച്ചു. തുടർന്നു ക്ഷേത്രനടക്ക് സമീപംകൂടിയ പൊതുയോഗത്തിൽ ഗാന്ധിജി പങ്കെടുത്തു. നിരവധിപേർ അദ്ദേഹത്തിന് മംഗളപത്രം സമർപ്പിച്ചു. അതിനുശേഷമായിരുന്നു ഗാന്ധിജിയുടെ പ്രസംഗം.

പ്രസംഗത്തിൽ പറഞ്ഞ പ്രസക്ത ഭാഗമിങ്ങനെ: 'നിങ്ങൾ മംഗളപത്രം ശരിക്കെഴുതേണ്ടുന്ന രൂപത്തിലല്ല എഴുതിയിട്ടുള്ളത്. ക്ഷേത്രപ്രവേശനവിളംബരത്തെപ്പറ്റി ആഹ്ലാദം പ്രദർശിപ്പിക്കുകയും ആർക്ക് മംഗളപത്രം നൽകുന്നുവോ ആ ആളുടെ ഗുണങ്ങൾ വർണിക്കുകയും മാത്രമല്ല മംഗളപത്രംകൊണ്ട് നിർവഹിക്കേണ്ടത്.മംഗളപത്രം ആരുകൊടുക്കുന്നുവോ അവർക്കീ അവസരത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന്‌ അവർ വിചാരിക്കുന്നു, എന്തുചെയ്യാൻ അവർ ഉറപ്പിച്ചിരിക്കുന്നു, എന്നൊക്കെ അറിയിപ്പിക്കുകയായിരുന്നു നിങ്ങൾ വേണ്ടിയിരുന്നത്. അതു നിങ്ങൾ ചെയ്തിട്ടില്ല.

എന്നാൽ, അതിനെപ്പറ്റി അധികം ഇനി പറയേണ്ടതില്ലല്ലോ. യാഥാസ്ഥിതികർ ഇന്ത്യയുടെ ഒരറ്റംമുതൽ മറ്റേയറ്റംവരെയും ഈ ക്ഷേത്രപ്രവേശന വിളംബരംകൊണ്ട് പ്രകമ്പിതരായിരിക്കുന്നു. അവർ അതിനെ എതിർക്കുന്നുവെന്നല്ല അതിന്‍റെ അർഥം. ആകപ്പാടെ അവരുടെ പഴയ വിശ്വാസങ്ങളും ആചാരങ്ങളും വാസ്തവത്തിൽ തെറ്റായിരുന്നില്ല എന്ന ഒരു ബലമായ ആശങ്കയും ഭയവും ഇപ്പോൾ തിരുവിതാംകൂറിലെ ജനങ്ങൾ ഐകകണ്ഠ്യേന വിളംബരത്തെ കൊണ്ടാടുന്നതിൽ നിന്നുമുണ്ടായിത്തീർന്നിരിക്കുന്നു'.

ഇത്തരത്തിലായിരുന്നു മംഗളപത്രത്തെയും തുടർന്ന് ക്ഷേത്രപ്രവേശന വിളംബരത്തെയും പരാമർശിച്ച് ഗാന്ധിജി സംസാരിച്ചത്.ഈ സന്ദർശനകാലത്തുതന്നെ അയ്യങ്കാളിയുടെ വിപ്ലവകരമായ ഇടപെടലുകളുടെ കേന്ദ്രമായിരുന്ന വെങ്ങാനൂരിലെത്തി ഗാന്ധിജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും പൊതുയോഗത്തിൽ സംബന്ധിക്കുകയും ചെയ്തത് ഏറ്റവുമധികം ചർച്ചയായ സംഭവങ്ങളിലൊന്നായിരുന്നു.ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ ഒന്നാം വാർഷികത്തിൽ സംബന്ധിക്കുന്നതിനായിരുന്നു ഗാന്ധിജിയുടെ അവസാന കേരളസന്ദർശം.

Tags:    
News Summary - Cherikkal village where Gandhiji touched his feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.