തിരൂരങ്ങാടി: ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് വനം വകുപ്പിന് കീഴിൽ, മലപ്പുറം സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി ചെറുമുക്ക്-വെഞ്ചാലി തണ്ണീർ തടങ്ങളിൽ പക്ഷി സർവേ നടത്തി. പക്ഷി നിരീക്ഷകരായ വിജേഷ് വള്ളിക്കുന്ന്, കാഞ്ചന അനില്‍, ഡോ. ബിനു, ഡോ. ഷീബ, നജീബ് പുളിക്കൽ, നബീൽ പരപ്പനങ്ങാടി, അജിത്ത് അമരമ്പലം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി.വിജയൻ, പി. ഫ്രെയിലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവേയിൽ 79 ഇനം പക്ഷികളെ കണ്ടെത്തി.
വംശനാശഭീഷണി നേരിടുന്ന ചേരക്കോഴി, കഷണ്ടിക്കൊക്കൻ എന്നിവയുടെയും ചേരാകൊക്കൻ, നീലക്കോഴി തുടങ്ങിയ നീർ പക്ഷികളുടെയും എണ്ണത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ വർധന ഉണ്ടായതായി സർവേയിൽ പറയുന്നു. മുൻപ് ഇര തേടൽ കേന്ദ്രങ്ങളായി മാത്രം ചെറുമുക്ക്-വെഞ്ചാലി തണ്ണീർ തടങ്ങളെ ആശ്രയിച്ചിരുന്ന ചായമുണ്ടി, കഷണ്ടിക്കൊക്കൻ, ചേരക്കോഴി തുടങ്ങിയ പക്ഷികൾ കഴിഞ്ഞ വർഷങ്ങളിൽ ചേക്കേറൽ കേന്ദ്രങ്ങളായും പ്രജനന കേന്ദ്രങ്ങളായും ഈ തണ്ണീർത്തടങ്ങളെ ആശ്രയിക്കുന്നതായും സർവേയിൽ കണ്ടെത്തി. കഴിഞ്ഞ 2023 ജനുവരിയിൽ ഇവിടെ നടത്തിയ സർവേയിൽ കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ചാരത്തലയൻ തിത്തിരിയെ ഇവിടെ കണ്ടെത്തിയിരുന്നു.
പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്, ഫ്രണ്ട്സ് ഓഫ് നേച്ചർ, മലപ്പുറം ബേഡേഴ്സ്, ചെറുമുക്ക് സിൻസിയർ ക്ലബ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ സർവേ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നിഷാൽ, ഭൂമിത്ര സേന ക്ലബ് ഫാക്കൽറ്റി-ഇൻ-ചാർജ് കബീറലി എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. പി. ദിവാകരനുണ്ണി സ്വാഗതവും സെക്ഷൻ ഫോറസ്റ്റ് ഓഫസർ വി. വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.