കണ്ണൂർ: ചെറുപുഴയിൽ വഴിയോരക്കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സി.ഐ വിനീഷ് കുമാറിനെ നിയമം പഠിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പൊലീസിന്‍റെ നിർദ്ദേശ പ്രകാരം റോഡിൽ നിന്ന് ഒഴിഞ്ഞുപോകാൻ തയ്യാറെടുക്കുന്ന വഴിയോര കച്ചവടക്കാരോടാണ് യാതൊരു പ്രകോപനവുമില്ലാതെ അപമര്യാദയായി പെരുമാറിയത്. സി.ഐയെ പൊലീസ് അക്കാദമിയിലയച്ച് പൊലീസ് ആക്റ്റിലെ വ്യവസ്ഥകൾ പഠിപ്പിക്കണം -മനുഷ്യാവകാശ കമീഷൻ അഭിപ്രായപ്പെട്ടു.
സി.ഐയുടെ പെരുമാറ്റത്തെക്കുറിച്ച് ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. സി.ഐക്ക് മൂന്നാഴ്ചയ്ക്കകം തന്‍റെ ഭാഗം വിശദീകരിക്കാം.
അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ചെറുപുഴ സി.ഐ വഴിയോര കച്ചവടക്കാരെ തെറിവിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപക വിമർശനമേൽക്കുകയും ചെയ്തിരുന്നു.
വഴിയോരക്കച്ചവടങ്ങൾ നിയന്ത്രിക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കുക തന്നെ വേണമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഇതല്ല വിധി നടപ്പാക്കേണ്ട വഴി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പൊലീസ് ആക്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചെറുപുഴ സി.ഐ ഇതെല്ലാം കാറ്റിൽ പറത്തി. ഇതാണ് പൊലീസിന്‍റെ പെരുമാറ്റമെങ്കിൽ പൊലീസ് ആക്റ്റിൽ കൊണ്ടുവന്ന 118 എ ഭേദഗതി തീർച്ചയായും പുന:പരിശോധിക്കേണ്ടതാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.