തൃശൂർ: നാട്ടിൻപുറങ്ങളിൽ മുട്ടാപ്പോക്ക് ന്യായം പറയുന്നവരെപ്പോലെ മര്യാദയില്ലാതെയാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ യൂനിയനാണുള്ളത്. യൂനിയൻ സർക്കാറാണ് തലപ്പത്തുള്ളത്. അവർക്ക് തോന്നിയതുപോലെ കാര്യങ്ങൾ നടത്താനാവില്ല. കേരളത്തിന് ജനസംഖ്യാനുപാതികമായ പണംപോലും ലഭിക്കുന്നില്ല. ജീവനക്കാർക്ക് ശമ്പളംകൂടി മുടക്കാനാകുമോയെന്ന ദുഷ്ടലാക്കിലാണ് കേന്ദ്രം. കടുത്ത സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും ആരുടെയും മുന്നിൽ ദയാവായ്പിനായി നിൽക്കില്ല. അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ ലഭിച്ചേ പറ്റൂ. ചില സംസ്ഥാനങ്ങൾക്കു മാത്രം അനിയന്ത്രിതമായി വിഹിതം നൽകുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ ജനങ്ങൾക്കെതിരെ ഉപയോഗിക്കരുത്. ജനങ്ങൾ ഒറ്റക്കെട്ടായി ഇത്തരം സമീപനത്തിനെതിരെ അണിനിരക്കും. കേരളത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ പതറാതെ വികസന- ക്ഷേമ മേഖലകളിൽ നേട്ടം കൈവരിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം ‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർപ്പിടം, വ്യവസായം, വാണിജ്യം, പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കേരളത്തിൽ ഭൂമിയുടെ അളവ് പരിമിതമാണ്. ഈ സാഹചര്യത്തിലാണ് എല്ലാവർക്കും ഭൂമി ലഭ്യമാക്കുകയെന്ന ശ്രമകരമായ ദൗത്യം സർക്കാർ പ്രഖ്യാപിച്ചത്. സാമൂഹികാവശ്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രതിസന്ധി തരണംചെയ്ത് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറിച്ചിക്കര മടക്കാട്ടുപറമ്പ് വീട്ടിൽ ലക്ഷ്മി വനഭൂമി പട്ടയവും, ചിറ്റിലപ്പള്ളി നീലത്തുവീട്ടിൽ രവീന്ദ്രൻ, പാണഞ്ചേരി വില്ലേജ് കളപ്പുരപറമ്പിൽ ജോയ് എന്നിവർ പുറമ്പോക്ക് പട്ടയവും മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
റവന്യൂ മന്ത്രി കെ. രാജന് അധ്യക്ഷത വഹിച്ചു. പട്ടികജാതി -ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് മുഖ്യാതിഥിയായി. തൃശൂര്‍ ജില്ലയില്‍ 3922 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എം.എല്‍.എമാരായ പി. ബാലചന്ദ്രന്, വി.ആര്. സുനില്‍കുമാര്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് ബോർഡ് സെക്രട്ടറി എ. ഗീത, കലക്ടർ വി.ആർ. കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷഫീക്, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, എ.ഡി.എം ടി. മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.