അന്‍വറിനെ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭയം- വി.ഡി. സതീശൻ

കോഴിക്കോട്: പി.വി അന്‍വറിനെ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരുവിലിറങ്ങുമെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അന്‍വറിനോട് സി.പി.എം കാട്ടുന്ന ആനുകൂല്യം വി.എസ് അച്യുതാനന്ദനോട് കാട്ടിയിട്ടുണ്ടോ? വി.എസ് ബക്കറ്റിലെ വെള്ളമാണെന്നാണ് പിണറായി അന്നു പറഞ്ഞത്. ഭയന്നിട്ടാണ് വി.എസിന് നല്‍കാത്ത ആനുകൂല്യം സി.പി.എം ഭരണകക്ഷി എം.എല്‍.എക്ക് നല്‍കുന്നത്. എന്തോ പുറത്തു പറയുമെന്ന് സി.പി.എം ഭയപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇനി പത്രസമ്മേളനം നടത്തരുതെന്നാണ് എം.എല്‍.എയോട് സി.പി.എം അഭ്യർഥിച്ചത്. ഈ അഭ്യർഥന വി.എസിനോട് നടത്തിയിട്ടുണ്ടോ? പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ അന്വേഷിക്കാതിരുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് അന്‍വര്‍ അതേ ആരോപണം ഉന്നയിച്ചപ്പോള്‍ അന്വേഷണത്തിന് തയാറായത്? അന്‍വറിനെ മുഖ്യമന്ത്രിക്ക് ഭയമാണ്. ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ എം.എല്‍.എ തുറന്നു പറയുമെന്ന ഭയം സര്‍ക്കാരിനുണ്ട്. ഭയമാണ് സര്‍ക്കാരിനെ ഭരിക്കുന്നത്. എല്‍.ഡി.എഫില്‍ തുടരുമെന്നാണ് ഭരണകക്ഷി എം.എല്‍.എ ഇന്നും പറഞ്ഞത്.

തൃശൂരില്‍ അക്കൗണ്ട് തുറക്കുന്നതിന് ബി.ജെ.പിയെ സഹായിക്കാമെന്നും പകരമായി ഉപദ്രവിക്കരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ സന്ദേശമാണ് ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പി കൈമാറിയത്. 16 മാസം കഴിഞ്ഞാണ് കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. കൂടിക്കാഴ്ചയുടെ പിറ്റേ ദിവസം തന്നെ കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രിയെ ഇന്റലിജന്‍സ് അറിയിച്ചിരുന്നു. എ.ഡി.ജി.പി മുഖ്യമന്ത്രിയെ അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നാണ് ഭരണകക്ഷി എം.എല്‍.എ പറയുന്നത്. നാല് ഗുരുതര അന്വേഷണങ്ങള്‍ നടക്കുമ്പോഴും അജിത് കുമാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി തുടരുകയാണ്. എല്ലാം മുഖ്യമന്ത്രിക്ക് വേണ്ടി ചെയ്തതു കൊണ്ടാണ് അജിത് കുമാറിനെ സര്‍ക്കാര്‍ ഇപ്പോഴും സംരക്ഷിക്കുന്നത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായി നിന്നു കൊണ്ടാണ് പി.വി അന്‍വര്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയാണ് ആരോപണം ഉന്നയിപ്പിച്ചത്. അതേ അന്‍വറാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതാണ് കാലത്തിന്റെ കാവ്യനീതി. കാലം മുഖ്യമന്ത്രിയുടെ മുഖത്തു നോക്ക് കണക്കു ചോദിച്ചു കൊണ്ടിരിക്കുകയാണ്. അന്ന് അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ അന്‍വറിന്റെ ആരോപണങ്ങളില്‍ വിശ്വാസമില്ലേ? ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കെതിരെ എന്ത് ആരോപണം ഉയര്‍ന്നാലും എല്ലാ മന്ത്രിമാരും ചാടി ഇറങ്ങുമായിരുന്നു. ഇപ്പോള്‍ മന്ത്രി റിയാസ് അല്ലാതെ മറ്റാരെയും കാണാനില്ല.

സി.പി.എമ്മിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പടയൊരുക്കമാണിത്. മുഖ്യമന്ത്രി വഴിവിട്ട രീതിയില്‍ റിയാസിനെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെതിരെ യുവനേതാക്കള്‍ക്കിടയില്‍ സ്വാഭാവികമായും എതിര്‍പ്പുണ്ടായിരിക്കാം. നിരവധി സി.പി.എം നേതാക്കള്‍ അന്‍വറിന് പിന്നിലുണ്ട്. ആ പേരുകള്‍ പുറത്തുവരും. കേരളത്തിലെ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പറയുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എയും പറയുന്നത്. കൂട്ടത്തിലുള്ള ആളുകള്‍ പോലും പറയാന്‍ തുടങ്ങി.

എല്‍.ഡി.എഫില്‍ ഇപ്പോഴും തുടരുന്ന ആളെ കുറിച്ച് യു.ഡി.എഫിന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. അന്‍വറിന് കോണ്‍ഗ്രസ് സംസ്‌ക്കാരമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയെങ്കില്‍ മന്ത്രി അബ്ദുറഹ്‌മാന്റെതും കോണ്‍ഗ്രസ് സംസ്‌ക്കാരമല്ലേ? അന്‍വറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയുന്നവര്‍ എന്തിനാണ് ഇത്രയും കാലം അയാളെ സംരക്ഷിച്ചത്? ഇപ്പോള്‍ പാര്‍ട്ടിക്ക് എതിരെ തിരഞ്ഞപ്പോഴാണോ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്നു മനസിലായത്? ഇതിനൊക്കെ മറുപടി പറഞ്ഞേ മതിയാകൂ.

കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലാത്തതിനാലാണ് പല കാര്യങ്ങളും പറയാത്തത്. മുഖ്യമന്ത്രിക്ക് മാത്രമല്ല പല സി.പി.എം നേതാക്കള്‍ക്കും ആര്‍.എസ്.എസുമായി ബന്ധമുണ്ട്. അവര്‍ കൂടി അറിഞ്ഞു കൊണ്ടാണ് പൂരം കലക്കല്‍ ഉള്‍പ്പെടെ നടന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - Chief Minister and CPM fear Anwar- v.d. satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.