മുഖ്യമന്ത്രി-ഗവർണർ പോര് കരുതിക്കൂട്ടി; കളംനിറഞ്ഞ്...

തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട സർക്കാറും കേന്ദ്ര നോമിനിയും തമ്മിലുള്ള തലത്തിലേക്ക് മാറി മുഖ്യമന്ത്രി-ഗവർണർ പോര്. ഭരണഘടനാപദവി മാറ്റിവെച്ച് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വക്താവായി പെരുമാറുന്ന ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ മറുപടി പറയുകയാണ് സർക്കാർ. പോളിറ്റ്ബ്യൂറോയെ വിശ്വാസത്തിൽ എടുത്ത ശേഷമായിരുന്നു പിണറായി വിജയന്‍റെ രംഗപ്രവേശം. അപ്പോഴും ഗവർണറുടെ ഉത്തരവാദിത്തം ഓർമിപ്പിക്കുന്നുവെന്ന തരത്തിലായിരുന്നു പ്രസ്താവനകൾ. രാഷ്ട്രീയ മറുപടി നൽകുക എന്ന ധർമം സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരും നിർവഹിച്ചു. ഗവർണറും സർക്കാറും തമ്മിലെ കളിയുടെ രാഷ്ട്രീയം ഉറക്കെ പറയുകയാണ് പ്രതിപക്ഷനേതാവ്.

ആരിഫ് മുഹമ്മദ് ഖാന് നൽകിയ മറുപടി ഉചിതമെന്ന നിലപാടാണ് പി.ബിക്ക്. മുഖ്യമന്ത്രിയോ സർക്കാറോ അല്ല ഗവർണറുടെ ലക്ഷ്യമെന്ന ഉത്തമബോധ്യത്തിലാണ് സി.പി.എമ്മും എൽ.ഡി.എഫും. കണ്ണൂർ സർവകലാശാല വി.സി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ആണ് സംഘ്പരിവാറിന്‍റെ ഉന്നമെന്നും തിരിച്ചറിയുന്നു. രണ്ടാമതും വി.സിയായ അദ്ദേഹത്തെ പുറത്താക്കുക അല്ലെങ്കിൽ നീക്കുക. അതിന് ചരിത്രപഠന കോൺഗ്രസിലെ സംഭവം ഒരു വിഷയമായി അവതരിപ്പിക്കുന്നത് രാജ്ഭവന് പുറത്തുള്ള കേന്ദ്രങ്ങളുടെ താൽപര്യപ്രകാരമാണെന്ന് കേന്ദ്ര നേതൃത്വത്തിനും അറിയാം. പൗരത്വ ഭേദഗതി ബിൽ ഉൾെപ്പടെ സംഘ്പരിവാറിന്‍റെ ഭരണഘടനാ അട്ടിമറി ശ്രമങ്ങൾക്ക് എതിരെ ശക്തമായ ജനകീയ പ്രതിരോധം തെരുവിൽ ഉയർന്നുവന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതറിയാമായിരുന്നിട്ടും ചരിത്ര കോൺഗ്രസ് വേദിയെ സംഘ്പരിവാർ രാഷ്ട്രീയം പറയാനായി തെരഞ്ഞെടുത്തതിനെ ചരിത്രകാരനായ ഇർഫാൻ ഹബീബ് പ്രതിരോധിച്ചത് മറച്ചുവെച്ച് ഗവർണർ 'ആക്രമണ' സിദ്ധാന്തം അവതരിപ്പിക്കുന്നുവെന്നാണ് ഇടതു നിലപാട്. ജാമിഅ മില്ലിയ സർവകലാശാല ചരിത്ര അധ്യാപകനായ ഗോപിനാഥ് രവീന്ദ്രൻ ഇന്ത്യൻ ഹിസ്റ്ററി കൗൺസിലിന്‍റെ മെംബർ സെക്രട്ടറിയുമായിരുന്നു. എന്നാൽ 2014ൽ മോദി അധികാരത്തിൽ വന്നശേഷം കൗൺസിൽ ഉടച്ചുവാർത്ത് ചരിത്രം തിരുത്താൻ തുടങ്ങിയപ്പോൾ അതിനെ ശക്തമായി എതിർത്തിരുന്നു. ബി.ജെ.പി സർക്കാറുമായുള്ള പോരാട്ടത്തിൽ പിന്നീട് രാജിവെച്ച് പുറത്തുപോയ ആളാണ് രവീന്ദ്രൻ. സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍റെ താൽപര്യപ്രകാരമാണ് രവീന്ദ്രന്‍റ നിയമനം നടക്കുന്നതും. ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലുകളും വിവിധ സർവകലാശാലകളിലെ നിയമന വിവാദവുമെല്ലാം അനുബന്ധ വിവാദം മാത്രമാണെന്ന നിലപാടാണ് സർക്കാറിനും.

Tags:    
News Summary - chief minister and the governor are arguing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.