തിരുവനന്തപുരം: കാൽനൂറ്റാണ്ടത്തെ സംഘടിത സ്ത്രീമുന്നേറ്റം അടയാളപ്പെടുത്തിയും സാമൂഹിക മാറ്റത്തിനുള്ള പുത്തൻ ആഹ്വാനങ്ങളേകിയും കുടുംബശ്രീയുടെ നവതിയാഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരുമക്കൊപ്പം ജാതി-മത വേർതിരിവുകൾക്ക് അതീതമായി ചിന്തിക്കാനും സഹകരിക്കാനും കഴിഞ്ഞതുകൊണ്ടുകൂടിയാണ് കുടുംബശ്രീക്ക് വിജയം കൈവരിക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ ഐക്യവും സൗഹാർദ ചിന്തയും നിലനിൽക്കുന്ന നാടിന്‍റെ മുന്നേറ്റത്തിൽ കുടുംബശ്രീ അനിവാര്യമാണ്. ലോകത്തിന് മാതൃകയായ വനിത കൂട്ടായ്മയെന്നനിലയിൽ ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ് കുടുംബശ്രീയുടെ മുന്നേറ്റങ്ങൾ. ദാരിദ്ര്യനിർമാർജനം എന്ന തുടക്കത്തിലെ ലക്ഷ്യം വിജയകരമായി നേടിയെടുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യനിർമാർജന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ ബഹുദൂരം മുന്നിലെത്തിക്കുന്നതിൽ കുടുംബശ്രീ സവിശേഷ പങ്കാണ് വഹിച്ചത്. സ്ത്രീകളെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനായാൽ സാമൂഹത്തിലെ ദരിദ്രാവസ്ഥയെ ഒരുപരിധിവരെ മുറിച്ചു കടക്കാനാകും. സംരംഭങ്ങളുമായി സ്ത്രീകളിറങ്ങിയപ്പോൾ നിരവധിപേർ സംശയം പ്രകടിപ്പിച്ചിരുന്നു. അന്നുയർന്ന ആശങ്കങ്ങൾ അസ്ഥാനത്തായിരുന്നെന്ന് കാലം തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ 25 വർഷങ്ങൾ ആധുനിക കേരളത്തിലെ സ്ത്രീ ജീവിതങ്ങളെ മാറ്റിത്തീർത്തതിന്റെ 25 വർഷങ്ങളാണെന്ന് അധ്യക്ഷതവഹിച്ച മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചടങ്ങിൽ പുതുക്കിയ കുടുംബശ്രീ ലോഗോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മന്ത്രിമാരായ ആന്‍റണി രാജു, വി. ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, മുൻ എം.പി സുഭാഷിണി അലി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.