തിരുവനന്തപുരം: വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ടു നിലപാട് സി.പി.എമ്മിനില്ലെന്നും ആ നിലപാട് കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്‍റെ കുത്സിത പ്രവൃത്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ഓഫിസിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം അവർതന്നെ തറയിലിട്ടത്.
എസ്.എഫ്.ഐക്കാർ പോയശേഷം മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത ഓഫിസിൽനിന്നുള്ള ദൃശ്യങ്ങളിൽ ചുവരിൽ ഗാന്ധി ചിത്രമുണ്ട്. പിന്നീട് എസ്.എഫ്.ഐക്കാരോ മാധ്യമങ്ങളോ കയറിയില്ല. പിന്നെ ആരുടെ കുബുദ്ധിയാണ് ഗാന്ധി ചിത്രത്തെ ചുമരിൽനിന്ന് താഴെയെത്തിച്ചതെന്നും 'ഇവർ ഗാന്ധിശിഷ്യർ തന്നെയാണോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ചത് എല്ലാവരും ഗൗരവത്തോടെയാണ് കണ്ടത്. സി.പി.എം ജില്ല കമ്മിറ്റി മാർച്ചിനെ തള്ളിക്കളഞ്ഞു. സംസ്ഥാന കമ്മിറ്റി സംഭവത്തെ അപലപിച്ചു. സർക്കാർ കർശനമായ നിയമനടപടികളിലേക്കാണ് കടന്നത്. ഉത്തരവാദികളായ 24പേരെ അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തു. അന്വേഷണ ചുമതല എ.ഡി.ജി.പിക്ക് നൽകി. ഇത്രയൊക്കെ ചെയ‌്തത് എൽ.ഡി.എഫിന്‍റെ സംസ്‌കാരം കോൺഗ്രസുമായി വ്യത്യസ്‌തമായതുകൊണ്ടാണ്. തെറ്റായ ഒരു സംഭവത്തെ ആരുചെയ‌്തു എന്നു നോക്കിയല്ല നിലപാടെടുത്തത്. എന്നാൽ, നടന്നത് ആശ്വാസമായി എന്ന മട്ടിൽ കലാപാന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് യു.ഡി.എഫ് നോക്കിയത്.
ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് എസ്.എഫ്.ഐ മാർച്ച് നടത്തിയതെന്നാണ് പ്രതിപക്ഷ ആരോപണം. രാഹുൽഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാൻ ഇടയാക്കിയ കാര്യത്തിൽ സി.പി.എമ്മിനോ എൽ.ഡി.എഫിനോ പങ്കില്ല. സി.പി.എം ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്യുകയാണ് ചെയ്തത്.
വിമാനത്തിൽ പ്രതിഷേധമുണ്ടായപ്പോൾ 'ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ സംരക്ഷിക്കും'എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. അത്തരക്കാരെ ജയിലിൽനിന്ന് മാലയിട്ട് സ്വീകരിച്ചപ്പോൾ എന്തു സന്ദേശമാണ് നേതൃത്വം നൽകിയതെന്നും അദ്ദേഹം ആരാഞ്ഞു.
ധീരജിന്‍റെ കൊലപാതകം ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്നാണ് കോൺഗ്രസ് നേതൃത്വം വിശേഷിപ്പിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചേരുന്നതാണോ ഇത്തരം പ്രസ്താവന. ദേശാഭിമാനി ഓഫിസ് ആക്രമണത്തെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിപ്പറഞ്ഞോ? എന്നാൽ, എം.പി ഓഫിസ് ആക്രമണത്തെ സി.പി.എമ്മും സർക്കാറും തള്ളിപ്പറഞ്ഞു. ഇതെല്ലാം നാടിന്‍റെ മുന്നിലുള്ള അനുഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.